ഹോം ഗാർഡ് റിക്രൂട്ട്മെന്റിനിടെ യുവതി കുഴ‌ഞ്ഞുവീണു; ആംബുലൻസിൽ വച്ച് കൂട്ടമാനഭംഗം ചെയ്തു

Saturday 26 July 2025 10:00 PM IST

പാട്ന: ഹോം ഗാർഡ് റിക്രൂട്ട്മെന്റ് ‌ഡ്രൈവിനിടെ കുഴ‌ഞ്ഞുവീണ യുവതിയെ ആംബുലൻസിനുള്ളിൽ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ബീഹാറിലെ ഗയ ജില്ലയിലാണ് 26കാരി ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ ആംബുലൻസ് ഡ്രൈവർ വിനയ് കുമാർ, ടെക്നീഷ്യൻ അജിത് കുമാർ എന്നിവരെ അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച ആയിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്. ബോധ്ഗയ മിലിട്ടറി പൊലീസ് ഗ്രൗണ്ടിൽ ഹോം ഗാർഡ് നിയമനത്തിനുള്ള ശാരീരികക്ഷമതാ പരീക്ഷ നടക്കുന്നതിനിടെയാണ് യുവതി കുഴഞ്ഞുവീണത്. ഇതോടെ അധികൃതർ സ്ഥലത്തുണ്ടായിരുന്ന ആംബുലൻസിൽ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ആശുപത്രിയിലേക്ക് പോകവേ,​ ആംബുലൻസിൽ വച്ച് ​ കൂട്ടബലാത്സംഗത്തിന് ഇരയാവുകയായിരുന്നു എന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. അബോധാവസ്ഥയിലായിരുന്ന തന്നെ ഒന്നിലധികം പേർ ആക്രമിച്ചുവെന്നും യുവതി മൊഴി നൽകി.

മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്.ഐ.ആർ ര‌ജിസ്റ്റർ ചെയ്തു. അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെയും ഫോറൻസിക് സംഘത്തെയും നിയോഗിച്ചു. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ മണിക്കൂറുകൾക്കകം പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികൾ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. ആംബുലൻസ് സഞ്ചരിച്ച വഴിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ബിഹാറിലെ ക്രമസമാധാന നില തകർന്നതായി ചിരാഗ് പാസ്വാൻ എം,​പി വിമർശിച്ചു. സംസ്ഥാന പൊലീസിന്റെ പ്രവർത്തനങ്ങൾക്കെതിരെയും അദ്ദേഹം രംഗത്തെത്തി.