തിങ്ങി നിറഞ്ഞ് ജയിലുകൾ, ജീവനക്കാരില്ലാതെ വലയുന്നു
തൃശൂർ: സുരക്ഷയൊരുക്കാൻ ജീവനക്കാരില്ലാതെ ജില്ലയിലെ ജയിലുകൾ. അതീവ സുരക്ഷാ ജയിൽ ഉൾപ്പെടെയുള്ള ജയിലുകളിലാണ് ജീവനക്കാരില്ലാതെ വലയുന്നത്. സൂപ്രണ്ട്, ജോയിന്റ് സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട് എന്നീ തസ്തികകളിൽ ഉദ്യോഗസ്ഥർ ഉണ്ടെങ്കിലും ദൈന്യംദിന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപേകേണ്ട അസിസ്റ്റന്റ് പ്രിസൺ ഓഫീസർ, ഡെപ്യൂട്ടി പ്രിസൺ ഓഫീസർ എന്നീ തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. ജില്ലാ ജയിലുകളിലേയും സബ് ജയിലുകളിലേയും അവസ്ഥ ഇതുതന്നെയാണ്. വിയ്യൂരിലെത്തിച്ച ഗോവിന്ദചാമിയെ പോലുള്ള കൊടും ക്രിമിനലുകൾ ഉൾപ്പെടെയുള്ളവർക്കാണ് പരിമിതികളിൽനിന്ന് സുരക്ഷയൊരുക്കേണ്ടത്. 600 ഓളം തടവുകാരെ പാർപ്പിക്കാൻ സൗകര്യമുണ്ടെങ്കിലും ഇന്നലത്തെ കണക്കുപ്രകാരം 300 പേരാണ് അതീവ സുരക്ഷാ ജയിലിലുള്ളത്.
ആകെ മൂന്ന് വാഹനം
1200 ലേറെ തടവുകാരുള്ള സെൻട്രൽ ജയിലിന് ആകെ ഉള്ളത് മൂന്നു വാഹനങ്ങൾ മാത്രം. ഇതിൽ ഒരെണ്ണം ആംബുലൻസാണ്. സെൻട്രൽ ജയിൽ, അതീവ സുരക്ഷ ജയിൽ, ജില്ലാ ജയിൽ, സബ് ജയിൽ, വനിത ജയിൽ എന്നിവ സ്ഥിതി ചെയ്യുന്ന വിയ്യൂരിൽ ആകെയുള്ളത് ഒരു ആംബുലൻസ് മാത്രമാണ്. ഏകദേശം രണ്ടായിരത്തിലേറെ പേരാണ് ഇവിടെയുള്ളത്. പതിനഞ്ച് വർഷം കഴിഞ്ഞ വാഹനങ്ങൾ നിരത്തിലിറക്കരുതെന്ന നിയമം കർശനമായതോടെ ആറു വാഹനങ്ങൾ കട്ടപ്പുറത്താണ്. പുതിയ വാഹനങ്ങൾ അനുവദിച്ചിട്ടില്ല. പലപ്പോഴും പ്രതികളെ കൊണ്ടു പോകുന്നത് ഓട്ടോറിക്ഷകളിലാണ്. ദിനംപ്രതി അസുഖബാധിതരെ കൊണ്ടുപോകുന്നതിന് ആംബുൻസ് അഞ്ചും ആറും തവണ പോകുകയാണ് പതിവ്.
പൊലീസ് അകമ്പടിയുമില്ല
തടവുകാരെ പുറത്ത് കൊണ്ടുപോകുമ്പോൾ ഒരാൾക്ക് രണ്ട് പൊലീസുകാരെ സുരക്ഷയ്ക്ക് നിയോഗിക്കണമെന്നാണ് നിയമം. എന്നാൽ പലപ്പോഴും ഒരാളെ പോലും ലഭിക്കാറില്ല. അതുകൊണ്ടുതന്നെ ജയിൽ ജീവനക്കാരെ നിയോഗിക്കുകയാമ് പതിവ്. ജയിൽ ഡ്യൂട്ടിക്ക് നിശ്ചിത പൊലീസുകാരുടെ സേവനം പൊലീസ് സ്റ്റേഷനുകളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെങ്കിലും അവരെയെല്ലാം ക്രമസമാധാന ഡ്യൂട്ടിക്ക് നിയോഗിക്കേണ്ട സാഹചര്യവും നിലനിൽക്കുന്നുണ്ട്.
എല്ലാ ജയിലും ഹൗസ് ഫുൾ
അതീവ സുരക്ഷാ ജയിൽ ഒഴികെ ജില്ലയിലെ എല്ലാ ജയിലുകളിലും പരമാവധി ഉൾക്കൊള്ളാവുന്നതിനേക്കാൾ കൂടുതലാണ് തടവുകാർ. സെൻട്രൽ ജയിലിൽ 553 പേരെ പാർപ്പിക്കേണ്ട സ്ഥലത്ത് 1200 ഓളം പേരാണുള്ളത്. ജില്ലാ ജയിൽ, വനിതാ ജയിൽ, ഇരിങ്ങാലക്കുട സബ് ജയിൽ, വിയ്യൂർ സബ് ജയിൽ, ചാവക്കാട് സബ് ജയിൽ എന്നിവിടങ്ങളിലെല്ലാം തന്നെ പരമാവധി പാർപ്പിക്കേണ്ടതിനേക്കാൾ ഏറെയാണുള്ളത്.