പ്രസവാനന്തരം ശരീരഭാരം കുറച്ചതെങ്ങെനെ ? വെളിപ്പെടുത്തി ആലിയ ഭട്ട്
ബോളിവുഡ് താരങ്ങൾ പലപ്പോഴും സിനിമയിലെ കഥാപാത്രങ്ങൾക്ക് വേണ്ടിയോ അല്ലെങ്കിൽ ശരീരം ഫിറ്റായി നിലനിർത്താനോ ശരീരഭാരം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാറുണ്ട്. അക്കൂട്ടത്തിൽ
ഫിറ്റ്നസ് കാര്യങ്ങളെ പറ്റി എന്നും തുറന്നു സംസാരിക്കുന്ന താരമാണ് ആലിയ ഭട്ട്. ബോളിവുഡിൽ പ്രവേശിക്കുന്നതിന് മുമ്പ് ശരീരഭാരം കുറച്ചതിനെ പറ്റി താരം ആരാധകരോട് പങ്കുവെച്ചിരുന്നു. കൃത്രിമ മാർഗ്ഗങ്ങൾ ഉപയോഗിച്ചു ശരീര സൗന്ദര്യം വർദ്ധിപ്പിച്ചു എന്ന് പലരും പറഞ്ഞപ്പോൾ താരം അത് നിഷേധിച്ചിരുന്നു. ഇപ്പോഴിതാ പ്രസവ ശേഷമുള്ള തന്റെ വെയ്റ്റ് ലോസ് ജേർണിയെ പറ്റി താരം മനസു തുറക്കുകയാണ്. വോഗിന് നൽകിയ അഭിമുഖത്തിലായിരുന്നു ആലിയ ഇക്കാര്യങ്ങൾ പറഞ്ഞത്.
പ്രസവശേഷം ശരീരം പഴയപടിയാക്കാൻ എല്ലാ അമ്മമാർക്കും തിടുക്കമുണ്ടാകും. എന്നാൽ താൻ ഈ സമയത്ത് തന്റെ ശരീരത്തിന് ആവശ്യമായ വിശ്രമം നൽകുകയും സാവധാനം മാത്രം വ്യായാമത്തിലേക്ക് തിരിയുകയും ചെയ്തു. "ഞാൻ എനിക്ക് ഒരു സമ്മർദ്ദവും നൽകിയില്ല. 12 ആഴ്ചകൾക്ക് ശേഷം മാത്രം വ്യായാമത്തിൽ കൂടുതൽ ശ്രദ്ധ നൽകിയാൽ മതിയെന്ന് ഡോക്ടർമാർ എന്നെ ഉപദേശിച്ചു, ഞാൻ അത് അനുസരിക്കുകയും ചെയ്തു,"
ശരീരഭാരം കുറയ്ക്കാൻ മുലയൂട്ടൽ സഹായിച്ചുവെന്നും ആലിയ ഭട്ട് പറയുന്നു. മുലയൂട്ടുന്ന സമയത്ത് കുഞ്ഞിന്റെ പോഷകാഹാരം ഉറപ്പാക്കാൻ താൻ കഠിനമായ ഡയറ്റുകൾ ഒഴിവാക്കിയെന്നും ആലിയ പറഞ്ഞു.
മകൾ റാഹക്ക് 12 മാസം പ്രായമായതിന് ശേഷം ആഴ്ചയിൽ ആറ് ദിവസം വ്യായാമം ചെയ്യാൻ ഡോക്ടർ നിർദ്ദേശിച്ചു. പ്രസവശേഷമുള്ള ആദ്യ രണ്ടാഴ്ചകളിൽ 15 മിനിറ്റ് നടത്തവും ശ്വാസമെടുക്കാനുള്ള വ്യായാമങ്ങളുമാണ് തുടങ്ങിയത്. 12 ആഴ്ചകൾ ആയപ്പോഴേക്കും പതിവ് വ്യായാമങ്ങളായ നടത്തം, പൈലേറ്റ്സ്, യോഗ, ലൈറ്റ് കാർഡിയോ, സ്ട്രെംഗ്ത് ട്രെയിനിംഗ് എന്നിവ ക്രമേണ പുനരാരംഭിച്ചു. പോഷകസമ്പുഷ്ടമായ ഭക്ഷണം കഴിക്കുന്നതോടൊപ്പം അവയുടെ അളവ് നിയന്ത്രിക്കുകയും ചെയ്തു. ഫ്രഷ് പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തി. അമ്മായിയമ്മയും മുതിർന്ന നടിയുമായ നീതു കപൂർ നൽകിയ 'ഗോന്ദ് ലഡ്ഡു' പോലും ആലിയയുടെ ഭക്ഷണത്തിന്റെ ഭാഗമായിരുന്നു.
ഭാരം വർധിക്കുമ്പോൾ തൂക്കം നോക്കി വിഷമിച്ചില്ല . ശരീരഭാരം കുറയ്ക്കുമ്പോൾ പലരും വെയിങ്ങ് മെഷീൻ നോക്കി ആവലാതി പെടാറുണ്ട്, എന്നാൽ അത് ശരിയായ രീതിയല്ല . ശരീരഭാരം സ്ഥിരമായി പരിശോധിക്കുന്നത് ഒഴിവാക്കുകയും രണ്ടാഴ്ചയിൽ ഒരിക്കൽ മാത്രം തൂക്കം നോക്കുകയും ആണ് താൻ ചെയ്തത്.വേഗത്തിൽ പഴയ രൂപത്തിലേക്ക് മടങ്ങുക എന്നതായിരുന്നില്ല തന്റെ ലക്ഷ്യമെന്നും, മറിച്ച് ശരീരം പൂർണ്ണമായി സുഖപ്പെടുത്തുക എന്നതായിരുന്നുവെന്നും ആലിയ വ്യക്തമാക്കി.
ഫിറ്റ്നസിനൊപ്പം മാനസികാരോഗ്യത്തിനും മുൻഗണന നൽകി. വേഗത്തിൽ പഴയ രൂപത്തിലേക്ക് മടങ്ങിവരുന്ന 'സ്നാപ്ബാക്ക് കൾച്ചറി'നെതിരെയും നടി സംസാരിച്ചു. ഗർഭകാലത്ത് ശരീരഭാരം കൂടുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് കൊണ്ടല്ലെന്നും, നിങ്ങൾ നിങ്ങൾക്കുള്ളിൽ ഒരു ജീവനെ വളർത്തുന്നതുകൊണ്ടാണെന്നും, ആ ജീവന് ആ അധിക ഭാരം ആവശ്യമാണെന്നു മനസ്സിലാക്കണമെന്നും താരം പറഞ്ഞു