ക്ഷേത്രങ്ങളിൽ മോഷണം; നേപ്പാൾ സ്വദേശി റിമാൻഡിൽ
കൊച്ചി: കലൂരിൽ ക്ഷേത്രങ്ങളിൽ പകൽസമയം മോഷണം നടത്തിയ നേപ്പാൾ സ്വദേശി സരോജ് ശർമയെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കലൂർ പാവക്കുളം മഹാദേവക്ഷേത്രം, കലൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലായിരുന്നു മോഷണം.
സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഓഫീസ് കെട്ടിടത്തിന്റെ പടിഞ്ഞാറ് വശത്ത് വച്ചിരുന്ന നാല് ഓട്ടുവിളക്കുകളാണ് 23ന് കടത്തിയത്.
പാവക്കുളം മഹാദേവക്ഷേത്രത്തിൽ വ്യാഴാഴ്ചയായിരുന്നു മോഷണം . ഹോമപ്പുരയിൽനിന്ന് ഓട്, ചെമ്പ്, സ്റ്റീൽ എന്നിവയിൽ നിർമ്മിച്ച പാത്രങ്ങൾ, ഓട്ടുകിണ്ടികൾ, മണി. ചന്ദനക്കിണ്ണം എന്നിവയാണ് കവർന്നത്. രണ്ടിടത്തും രാവിലെ ദർശനം കഴിഞ്ഞ് ക്ഷേത്രം അടച്ച ശേഷമാണ് സാധനങ്ങൾ കടത്തിയത്.
ക്ഷേത്രത്തിലെ സി.സി ടിവിയിൽ പ്രതിയുടെ ദൃശ്യം പതിഞ്ഞിരുന്നു. കഴിഞ്ഞദിവസം കലൂരിൽ നിന്നാണ് പിടിയിലായത്. ക്ഷേത്രദർശനത്തിനെന്ന വ്യാജേന എത്തിയാണ് കവർച്ച. മോഷണ സാധനങ്ങൾ കൈവശമുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.