മുഹമ്മ - കുമരകം ബോട്ട് ദുരന്തം; 23വർഷം കഴിഞ്ഞിട്ടും നഷ്ടപരിഹാരമില്ല
ആലപ്പുഴ: കേരളത്തെ ഞെട്ടിച്ചുകൊണ്ട് 29 പേരുടെ മരണത്തിനിടയാക്കിയ മുഹമ്മ - കുമരകം ബോട്ട് ദുരന്തത്തിന് 23 വർഷം. ഇപ്പോഴും നഷ്ടപരിഹാരം കിട്ടാതെ അനേകങ്ങൾ. അപകടത്തെതുടർന്ന് ജസ്റ്റിസ് നാരായണകുറുപ്പിനെ അന്വേഷണ കമ്മീഷനായി സർക്കാർ നിയോഗിച്ചിരുന്നു. മരിച്ചവരുടെ ആശ്രിതർക്ക് 91.69 ലക്ഷം രൂപ നൽകണമെന്ന് കമ്മീഷൻ ശുപാർശ ചെയ്തു. മരിച്ചവരുടെ പ്രായം, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ കണക്കിലെടുത്ത് ഒന്നരലക്ഷം മുതൽ 9.5 ലക്ഷം രൂപ വരെയാണ് സഹായധനം നിശ്ചിയിച്ചത്. കുടുംബത്തിലെ ഒരാൾക്ക് ആശ്രിതനിയമനവും വാഗ്ദാനം ചെയ്തിരുന്നെങ്കിലും അതെന്നും പാലിക്കപ്പെട്ടില്ല.
മരിച്ച അഞ്ച് പേരുടെ കുടുംബങ്ങൾ ഗതാഗത വകുപ്പുമായി കേസ് നടത്തിയിരുന്നു. ഈ കുടുംബങ്ങൾക്ക് മാത്രം കോടതി വിധി പ്രകാരം മൂന്ന് ലക്ഷം രൂപ ധനസഹായം അനുവദിച്ചു. ദുരന്തസമയത്ത് അടിയന്തര സഹായമെന്ന നിലയിൽ കൈമാറിയ അമ്പതിനായിരം രൂപ മാത്രമാണ് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഭൂരിപക്ഷം കുടുംബങ്ങൾക്കും ലഭിച്ച ഏക സഹായമെന്ന് അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾ പറയുന്നു.
കിട്ടിയത് അടിയന്തര സഹായം മാത്രം
# 2002 ജൂലായ് 27ന് രാവിലെ 6.10ന് മുഹമ്മ ബോട്ട് ജെട്ടിയിൽ നിന്ന് പുറപ്പെട്ട എ-53 ബോട്ടാണ് കുമരകത്തിനടുത്ത് വേമ്പനാട്ട് കായലിൽ അപകടത്തിൽപ്പെട്ടത്. മുന്നൂറിലധികം യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്
# അമിതഭാരം കയറ്റിയ ബോട്ട് മണൽത്തിട്ടയിൽ ഇടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് കണ്ടെത്തൽ
# മുഹമ്മ, കായിപ്പുറം, പുത്തനങ്ങാടി, കഞ്ഞിക്കുഴി, തണ്ണീർമുക്കം എന്നിവിടങ്ങളിൽ നിന്ന് പി.എസ്.സി പരീക്ഷ എഴുതാൻ പോയ ഉദ്യോഗാർത്ഥികൾ, ബന്ധുക്കൾ, സ്ഥിരം യാത്രക്കാരായ കൂലിപ്പണിക്കാർ, മത്സ്യവിൽപനക്കാർ എന്നിവരാണ് ബോട്ടിലുണ്ടായിരുന്നത്
അപകടത്തിൽ
മരിച്ചത്: 29 പേർ
ദുരന്ത ഓർമ്മയിൽ മുഹമ്മ
മുഹമ്മയിലെ ജനകീയ കൂട്ടായ്മ അരങ്ങിന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ ആറുമണിക്ക് മുഹമ്മ ബോട്ട് ജെട്ടിയിൽ അനുസ്മരണ ചടങ്ങുകൾ നടക്കും. മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബുഅദ്ധ്യക്ഷതവഹിക്കും. അപകടത്തിൽ മരിച്ച 29 പേരുടെയും ഛായാചിത്രങ്ങളിൽ പുഷ്പാർച്ചന നടത്തും. ജീമോൻ മുഹമ്മ എഴുതി , ആലപ്പി ഋഷികേശ് സംഗീതം നൽകിയ അനുസ്മരണ ഗാനം സംസ്ഥാന കലോത്സവ വിജയികളായ ദേവിക സുരേഷും, അനന്യ പി.അനിലും ചേർന്ന് ആലപിക്കും. സി.പി.ഷാജിയുടെ നേതൃത്വത്തിലുള്ള അരങ്ങ് സോഷ്യൽ സർവീസ ഫോറം കൂട്ടായ്മയാണ് അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കുന്നത്.
കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന മകനെയും മാതാപിതാക്കളയുമടക്കം നഷ്ടപ്പെട്ടവർ സഹായധനം ലഭിക്കാത്ത കൂട്ടത്തിലുണ്ട്. ധനസഹായം നൽകിയെന്ന് പ്രചരണമുണ്ട്. അങ്ങനെയെങ്കിൽ പണം കൈപ്പറ്റിയപ്പോൾ ആശ്രിതർ ഒപ്പിട്ടുകൊടുത്തതിന്റെ രേഖയുണ്ടാവില്ലേ?
- അപകടത്തിൽ ഭാര്യ നഷ്ടപ്പെട്ട വഴീക്കൽപറമ്പിൽ ഷാജഹാൻ