തോരാതെ മഴദുരിതം ; അപ്പർകുട്ടനാട് മുങ്ങുന്നു

Saturday 26 July 2025 11:06 PM IST

ആലപ്പുഴ: ദിവസങ്ങളായി പെയ്യുന്ന മഴയിലും കിഴക്കൻ വെള്ളത്തിന്റെ വരവിലും കുട്ടനാട് - അപ്പർ കുട്ടനാട് മേഖലകളിലെ നദികളിൽ ജലനിരപ്പ് ഉയർന്നു. ഒരു മാസത്തിനുള്ളിൽ നാലാം തവണയാണ് അപ്പർ കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നത്. ഒട്ടുമിക്ക പ്രദേശങ്ങളും ഇതിനോടകം മുങ്ങിത്തുടങ്ങി.

മഴതുടരുന്നതിനാൽ ജില്ലയുടെ കിഴക്കൻ മേഖലയിൽ വെള്ളക്കെട്ട് രൂക്ഷമാണ്. മുട്ടാർ, തലവടി, നിരണം, വീയപുരം, എടത്വാ, തകഴി, ചെറുതന, പള്ളിപ്പാട് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ മുങ്ങി. തലവടിയിൽ നിരവധി വീട്ടുകാർ താമസം മാറി. ക്ഷീ കർഷകരാണ് കടുത്ത യാതന അനുഭവിക്കുന്നത്. തൊഴുത്തുകളിൽ വെള്ളം കയറാൻ തുടങ്ങിയതോടെ ഉയർന്ന പ്രദേശങ്ങളിലേയ്ക്ക് പശുക്കളെ മാറ്റിയിട്ടുണ്ട്. മറ്റ് വളർത്തു മൃഗങ്ങളുടെ അവസ്ഥയും വ്യത്യസ്ഥമല്ല. തലവടി കുതിരച്ചാൽ - കുന്നുമ്മാടി പ്രദേശങ്ങളിൽ 50 ഓളം താമസക്കാർ പ്രതിസന്ധിയിലാണ്. പമ്പ, അച്ചൻകോവിൽ ആറുകൾ കരകവിഞ്ഞാൽ അദ്യം വെള്ളം എത്തുന്ന പ്രദേശമായിത് മാറിയിട്ടുണ്ട്. കുട്ടനാട്ടിലെ സർവ്വീസ് റോഡുകളിൽ ആദ്യം മുങ്ങുന്ന മുട്ടാർ പ്രദേശത്തെ ജനജീവിതം കടുത്ത ദുരിതത്തിലായി. വെള്ളം ഉയരുന്നതോടെ എ.സി റോഡിലോ അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിലോ എത്താൻ കഴിയാത്ത അവസ്ഥയാകും. പമ്പ, മണിമല ആറുകൾക്ക് അലർട്ട് പ്രഖ്യാപിക്കുകയും ജാഗ്രത നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. ജലാശയങ്ങൾ മുറിച്ച് കടക്കുന്നതിനും നീന്തുന്നതിനും വിലക്ക് ഏർപ്പെടുത്തി. വരുന്ന രണ്ട് ദിവസങ്ങൾ കൂടി ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാദ്ധ്യത ഉള്ളതിനാലാണ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുള്ളത്.