നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു; രണ്ട് പേർക്ക് പരിക്കേറ്റു
മാന്നാർ: നിയന്ത്രണം വിട്ട കാർ കടയുടെ മുന്നിലേക്ക് ഇടിച്ച് കയറി തലകീഴായി മറിഞ്ഞു. വഴിയരികിൽ നിന്ന വയോധികനുൾപ്പെടെ രണ്ടു പേർക്ക് പരിക്കേറ്റു. മദ്യ ലഹരിയിലായിരുന്ന കാർ യാത്രക്കാർക്കെതിരെ കേസെടുത്തു.
ഇന്നലെ വൈകിട്ട് അഞ്ചരയോടെ ബുധനൂർ തോപ്പിൽ ചന്ത ജംഗ്ഷനിലായിരുന്നു സംഭവം. ബുധനൂർ കാവിൽ ബേക്കറിക്ക് മുന്നിലേക്കായിരുന്നു കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറിയത്. അമിത വേഗതയിൽ കാർ വരുന്നത് കണ്ട് ഓടി മാറിയ ബുധനൂർ തുള്ളൽ കളത്തിൽ സനൽ കുമാർ (60), കാർ യാത്രികനായ തിരുവനന്തപുരം സ്വദേശി സുരാഗ് (26) എന്നിവർക്കാണ് പരിക്കേറ്റത്. ചെങ്ങന്നൂരിൽ നിന്നെത്തിയ ഫയർ ആൻഡ് റെസ്ക്യു യൂണിറ്റും നാട്ടുകാരും ചേർന്ന് കാർ ഉയർത്തി മാറ്റി.പരിക്കേറ്റവരെ പരുമല ആശുപത്രിയിൽ ചികിൽസ നൽകി വിട്ടയച്ചു. പരിക്കേറ്റ സുരാഗ്, മറ്റ് കാർ യാത്രികരായ മാന്നാർ കുട്ടമ്പേരൂർ സ്വദേശികളായ അഭിജിത്ത് കൃഷ്ണൻ, അഭിജിത്ത് ആർ.നായർ എന്നിവർക്കെതിരെയാണ് മാന്നാർ പൊലീസ് കേസെടുത്തത്. പൊലീസുമായി വാക്കേറ്റം നടത്തിയതിനെ തുടർന്ന് പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും മദ്യപിച്ച് അപകടകരമായ നിലയിൽ വാഹനമോടിച്ചതിനുമാണ് ഇവർക്കെതിരെ കേസ്.