ആംബുലൻസ് തടഞ്ഞെന്ന പേരിൽ അറസ്റ്റ് ; യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം
വിതുര: ആദിവാസി യുവാവ് മരിച്ചത് ആംബുലൻസ് തടഞ്ഞതിനെ തുടർന്ന് ചികിത്സ വൈകിയാണെന്ന ആരോപണത്തിൽ വിതുര പൊലീസ് അറസ്റ്റുചെയ്‌ത യൂത്ത്കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം.
വിതുര താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ ഒാഫീസറുടെ പരാതിയിൽ കഴിഞ്ഞ ദിവസം പിടിയിലായ പ്രതികൾക്ക് നെടുമങ്ങാട് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഡി.സി.സി ജനറൽ സെക്രട്ടറി എൽ.കെ.ലാൽറോഷിൻ,യൂത്ത് കോൺഗ്രസ് വിതുരമണ്ഡലം പ്രസിഡന്റ് സുധിൻസുദർശൻ,ബ്ലോക്ക് സെക്രട്ടറിമാരായ വിനോദ്,അജേഷ്മോഹൻ,മണ്ഡലംസെക്രട്ടറിമാരായ വിനീത്,നിതിൻ എന്നിവരെയാണ് പിടികൂടിയത്. രണ്ട് പ്രതികൾ ഒളിവിലാണ്. മരിച്ച മണലി കല്ലൻകുടി സ്വദേശി ബിനുവിന്റെ ബന്ധുക്കൾ ആരോപണം നിഷേധിച്ചെങ്കിലും പ്രവർത്തകരെ അറസ്റ്റുചെയ്യുകയായിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിനാസ്‌പദമായ സംഭവം. വിഷം കഴിച്ചതിനെ തുടർന്ന് ബിനുവിനെ ആദ്യം വിതുര താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്‌തു. തുടർന്ന് ബിനുവിനെയും കൊണ്ട് മെഡിക്കൽ കോളേജിലേക്ക് പുറപ്പെട്ട ആംബുലൻസ് യൂത്ത്കോൺഗ്രസുകാർ സമരത്തിന്റെ ഭാഗമായി തടഞ്ഞെന്നും ചികിത്സ വൈകിയെന്നുമായിരുന്നു സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും ആരോപണം.