വിധിക്കാൻ കോടതിയുണ്ട്, യുട്യൂബ് നോക്കി പറ്റില്ലെന്ന് സുപ്രീംകോടതി
ന്യൂഡൽഹി : ശിക്ഷിക്കാനും വെറുതെവിടാനും ഇവിടെ കോടതികളുണ്ടെന്നും യുട്യൂബ് ചാനൽ നോക്കി ഉത്തരവിടാൻ കഴിയില്ലെന്നും നിരീക്ഷിച്ച് സുപ്രീംകോടതി. യുട്യൂബ് ചാനലുകളിലെ വാർത്താ അവതരണം കോടതിക്ക് പകരമല്ലെന്നും ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. സി.പി.എം നേതാവായിരുന്ന സിന്ധു ജോയിക്കെതിരെ മോശം പരാമർശം നടത്തിയെന്ന കേസിൽ ക്രൈം ഓൺലൈൻ ഉടമ ടി.പി. നന്ദകുമാർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണിത്. പൊതുചർച്ച പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള വീഡിയോ മാത്രമാണ് ക്രൈം ഓൺലൈനിന്റെ യുട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്‌തതെന്ന് നന്ദകുമാർ അറിയിച്ചു. നിങ്ങളുടെ യുട്യൂബ് ചാനൽ നോക്കി ആൾക്കാരെ ശിക്ഷിക്കണമെന്നാണോ പറയുന്നതെന്ന് കോടതി തിരിച്ചു ചോദിച്ചു. കേരളത്തിൽ നല്ലകാര്യങ്ങൾ സംഭവിക്കുന്നുണ്ട്. അതേപ്പറ്രി ചർച്ച ചെയ്യൂ. മോശം കാര്യങ്ങൾ പറഞ്ഞാൽ അതിനാണല്ലോ ശ്രദ്ധ കിട്ടുന്നതെന്നും കൂട്ടിച്ചേർത്തു. സുപ്രീംകോടതി നന്ദകുമാറിന് നേരത്തെ അനുവദിച്ചിരുന്ന അറസ്റ്റിൽ നിന്നുള്ള ഇടക്കാല സംരക്ഷണം നീട്ടി. സംസ്ഥാന സർക്കാരിന്റെ നിലപാടറിയാൻ കേസ് മൂന്നാഴ്ചയ്‌ക്കു ശേഷം പരിഗണിക്കാൻ മാറ്റി.