മാലദ്വീപിൽ 'മഹാസാഗർ ദർശനം' ചർച്ചയാക്കി മോദി; സുരക്ഷയിലും വളർച്ചയിലും പരസ്‌പര സഹകരണം
ന്യൂഡൽഹി: ഗ്ലോബൽ സൗത്തിൽ ഇന്ത്യയുടെ സ്വാധീനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവച്ച മഹാസാഗർ ദർശനം മാലദ്വീപ് സന്ദർശനത്തിലും ചർച്ചയായി. ഇന്നലെ മാലദ്വീപിലെ വിവിധ രാഷ്ട്രീയ പാർട്ടികളിലെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് മോദി മഹാസാഗർ ദർശനം (മ്യൂച്ചൽ ആൻഡ് ഹൊളിസ്റ്റിക് അഡ്വാൻസ്‌മെന്റ് ഫോർ സെക്യൂരിറ്റി ആൻഡ് ഗ്രോത്ത് എക്രോസ് റീജിയൻസ്) മുന്നോട്ടുവച്ചത്. സുരക്ഷയിലും വളർച്ചയിലും പരസ്‌പര സഹകരണവും പങ്കാളിത്തവും ശക്തമാക്കുന്നത് ലക്ഷ്യമിട്ട ഈ ദർശനം വൈസ് പ്രസിഡന്റ് ഹുസൈൻ മുഹമ്മദ് ലത്തീഫ്, മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദ്, സ്‌പീക്കർ അബ്‌ദുൾ റഹീം അബ്‌ദുള്ള തുടങ്ങിയവരുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. 'അയൽപക്കം ആദ്യം" എന്ന ഇന്ത്യയുടെ നയത്തിൽ മാലദ്വീപ് സുപ്രധാന പങ്കാളിയാണെന്ന് മോദി വ്യക്തമാക്കി. മാലദ്വീപിലെ അത്യാധുനിക പ്രതിരോധ മന്ത്രാലയ മന്ദിരം മോദിയും മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവും സംയുക്തമായി ഉദ്ഘാടനം ചെയ്‌തു. ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെയാണ് മന്ദിരം നിർമ്മിച്ചത്.
സ്വാതന്ത്ര്യദിന
ആഘോഷത്തിൽ മുഖ്യാതിഥി
മാലദ്വീപിന്റെ 60-ാമത് സ്വാതന്ത്ര്യ ദിന ആഘോഷങ്ങളിൽ മോദി മുഖ്യാതിഥിയായി. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, ഭാര്യ സാജിത മുഹമ്മദ് എന്നിവർക്കൊപ്പം അദ്ദേഹം റിപ്പബ്ലിക്കൻ സ്‌ക്വയറിലെത്തി. ഗാർഡ് ഒഫ് ഓണർ സ്വീകരിച്ചു. സൈനിക പരേഡിനും കലാപരിപാടികൾക്കും സാക്ഷ്യം വഹിച്ചു. ആഘോഷങ്ങളിൽ പങ്കെടുക്കാൻ സാധിച്ചത് ബഹുമതിയായി കാണുന്നുവെന്ന് മോദി പ്രതികരിച്ചു.
തമിഴ്നാട്ടിലേക്ക്
രണ്ടുദിവസത്തെ മാലദ്വീപ് സന്ദർശനത്തിന് ശേഷം മോദി നേരെ തമിഴ്നാട്ടിലേക്കാണ് പോയത്. വൈകിട്ട് തൂത്തുക്കുടിയിൽ സംസ്ഥാനത്തെ 4,900 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ചു. 450 കോടി ചെലവിട്ട് നിർമ്മിച്ച തൂത്തുക്കുടി വിമാനത്താവളത്തിന്റെ പുതിയ ടെർമിനലടക്കം രാജ്യത്തിന് സമർപ്പിച്ചു.