ഡീസൽ വാഹനങ്ങൾക്ക് നിരോധനം; പുനഃപരിശോധിക്കണമെന്ന് സർക്കാർ

Sunday 27 July 2025 2:44 AM IST

ന്യൂഡൽഹി: പത്ത് വർഷം പിന്നിട്ട ഡീസൽ വാഹനങ്ങളും 15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങളും നിരോധിച്ച വിധി പുനഃപരിശോധിക്കണമെന്ന് ഡൽഹി സർക്കാർ. 2018ലെ വിധി ഏതെങ്കിലും ശാസ്ത്രീയപഠനത്തിന്റെയോ, പരിസ്ഥിതി ആഘാത വിലയിരുത്തലിന്റെയോ അടിസ്ഥാനത്തിലല്ലെന്ന് സുപ്രീംകോടതിയിൽ സർക്കാർ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടി. വാഹനങ്ങളുമായി ബന്ധപ്പെട്ട് ഭാരത് സ്റ്റേജ് - ആറ് മാനദണ്ഡങ്ങളും പൊല്യൂഷൻ സർട്ടിഫിക്കറ്റും ഉൾപ്പെടെ ശക്തമായ മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ നിലവിലുണ്ട്. ഭാരത് സ്റ്റേജ് (ബി.എസ്) - ആറ് വാഹനങ്ങൾ കുറഞ്ഞ മലിനീകരണമേ ഉണ്ടാക്കുന്നുള്ളു. 2018ലെ ഉത്തരവ് നടപ്പാക്കിയാൽ ഇവ റോഡിൽ നിന്ന് ഒഴിവാകുന്ന സാഹചര്യമുണ്ടാകും. ജനങ്ങളെ ബുദ്ധിമുട്ടിലാക്കുമെന്നും സർക്കാർ അറിയിച്ചു. വാഹനങ്ങളുടെ കാലപ്പഴക്കവുമായി ബന്ധപ്പെട്ട് പഠനം നടത്താൻ കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകണമെന്നും കൂട്ടിച്ചേർത്തു. വിഷയം ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അദ്ധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ അത്തരം വാഹനങ്ങൾക്ക് ഈ മാസം ആദ്യം മുതൽ ഇന്ധനം നൽകുന്നത് ഡൽഹി സർക്കാർ വിലക്കിയെങ്കിലും വൻപ്രതിഷേധമുയർന്നതിനെ തുടർന്ന് നിർദ്ദേശം പിൻവലിച്ചിരുന്നു.