നൂറു രൂപയ്ക്ക് വീട് സ്വന്തമാക്കാം , വൻഓഫറുമായി ഈ രാജ്യം, നിബന്ധനകൾ ഇവയാണ്
സ്വന്തമായി ഒരു വീട് എന്നത് ഏവരുടെയും സ്വപ്നമാണ്. എന്നാൽ അനുദിനം വസ്തുവിന് വിലയേറുന്നതും വീട് നിർമ്മാണത്തിനുള്ള വൻചെലവും പലരെയും പിന്നോട്ടടിക്കുന്നു, പഴയ വീടുകൾ പോലും ലക്ഷങ്ങൾക്കാണ് വീറ്റുപോകുന്നത്. ഈ പശ്ചാത്തലത്തിൽ കുറഞ്ഞ വിലയ്ക്ക് വീട് വാങ്ങാൻ അവസരമൊരുക്കുകയാണ് ഫ്രാൻസിലെ അംബേർട്ട് പട്ടണം. വീടിന്റെ വില കേട്ടാൽ ആരും ഞെട്ടും. വെറും ഒരു യൂറോയ്ക്ക് അഥവാ ഏകദേശം 100 രൂപയ്ക്കാണ് വീടുകൾ വില്പനയ്ക്ക് വച്ചിരിക്കുന്നത്. പട്ടണത്തിലെ ജനസംഖ്യ കുറഞ്ഞു വരുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. തെക്കു കിഴക്കൻ ഫ്രാൻസിലെ അംബേർട്ട് പട്ടണത്തിൽ നിലവിഷൽ 6500 ഓളം പേർ മാത്രമാണ് താമസിക്കുന്നത്.
എന്നാൽ വീട് ചുമ്മാതങ്ങ് വാങ്ങാനാവില്ല. അതിന് ചില നിബന്ധനകൾ അധികൃതർ മുന്നോട്ട് വയ്ക്കുന്നുണ്ട്. ആദ്യമായി വീട് വാങ്ങുന്നവർക്ക് മാത്രമേ ഇവിടെ വാങ്ങാൻ സാധിക്കുകയുള്ളൂ. നിലവിൽ വീടുള്ളവർ പദ്ധതിയിൽ നിന്ന് പുറത്താകും. കൂടാതെ വീട് വാസയോഗ്യമാക്കിയ ശേഷം കുറഞ്ഞത് മൂന്നുവർഷമെങ്കിലും വാങ്ങുന്നയാൾ ഇവിടെ താമസിക്കണം എന്നും വ്യവസ്ഥയുണ്ട്. വീട് വാടകയ്ക്ക് നൽകുന്നവരും യോഗ്യതയിൽ നിന്ന് പുറത്താകും. ഈ വ്യവസ്ഥകൾ( ലംഘിക്കുന്നവരിൽ നിന്ന് വീട് തിരിച്ചു പിടിക്കുകയും പിഴ ഈടാക്കുകയും ചെയ്യും.
അതേ സമയം വില്പനയ്ക്കുള്ള വീടുകൾ പലതും ശോചനീയമായ അവസ്ഥയിലാണെന്നും റിപ്പോർട്ടുണ്ട്. വീട് വാസയോഗ്യമാക്കിയെടുക്കാൻ പണവും സമയവും വേണ്ടിവരും. മേൽക്കൂര മുതൽ ഇലക്ട്രിക്, പ്ലംബിംഗ് പണികൾ വരെ ചെയ്യേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ, ഇതിന് നല്ല ചെലവ് വരുമെന്നും വിലയിരുത്തപ്പെടുന്നു. വീട് വാങ്ങുമ്പോൾ അറ്റകുറ്റപ്പണികൾ ചെയ്യണമെന്ന് നിർബന്ധമാക്കുന്ന കരാറിനും സാദ്ധ്യതയുണ്ട്. അതിനാൽ വീട് വാങ്ങുമ്പോഴുള്ള അപകട സാദ്ധ്യതയെ കുറിച്ച് പലരും മുന്നറിയിപ്പ് നൽകുന്നുണ്ട്.
.