പിടിച്ചെടുത്ത സിഗരറ്റുകൾ വീണ്ടും വിപണിയിലേക്ക്

Sunday 27 July 2025 12:00 AM IST

ആലപ്പുഴ: നികുതി വെട്ടിപ്പിനെത്തുടർന്ന് പിടിച്ചെടുത്ത സിഗരറ്റുകൾ ലേലം ചെയ്തു നൽകി വിപണിയിലെത്തിക്കാൻ സർക്കാർ. ജില്ലയിൽ മയക്കുമരുന്നു വ്യാപനം രൂക്ഷമായിരുന്ന ഘട്ടത്തിൽ മൂന്നുമാസം മുമ്പ് പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിൽ കണ്ടെത്തിയ 6740 സിഗരറ്റ് പാക്കറ്റുകളാണ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ കാര്യാലയത്തിൽ ആഗസ്റ്റ് രണ്ടിന് രാവിലെ 11.30ന് ലേലം ചെയ്യുക.

രജിസ്റ്റേർഡ് ഡീലർമാക്കാണ് ലേലത്തിൽ പങ്കെടുക്കാൻ അവസരം. മുമ്പ് തിരുവനന്തപുരത്തടക്കം ഇത്തരത്തിൽ സിഗരറ്റ് ലേലം നടത്തിയിട്ടുണ്ടെങ്കിലും ആലപ്പുഴ ജില്ലയിൽ ആദ്യമായാണ് ഇത്തരത്തിലൊരു ലേലം.

പിടിച്ചെടുത്ത സിഗരറ്റുകൾ ലേലം ചെയ്യുന്നതിന് പകരം നശിപ്പിക്കണമെന്ന് ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. സിഗരറ്റ് വിൽപ്പന നടത്തി കിട്ടുന്നതിനേക്കാൾ കൂടുതൽ തുക ഇത് വലിക്കുന്നത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് ആരോഗ്യ വകുപ്പ് ചിലവഴിക്കേണ്ടിവരുമെന്ന് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി കെ.നാസർ പറഞ്ഞു.