തൈക്കാട് അയ്യാഗുരുവിന്റെ 116-ാം സമാധി വാർഷികം ഇന്ന്, കർമ്മപഥത്തിലെ ജ്ഞാനയോഗി
പ്രാചീന അനാചാരങ്ങളും മനുഷ്യത്വവിരുദ്ധ സമ്പ്രദായങ്ങളും തകർത്ത് ദാർശനിക സാമൂഹിക നവോത്ഥാനത്തിന് കാരണഭൂതനായ ശ്രീനാരായണ ഗുരുദേവനെയും, സത്തയിൽ നിന്ന് വഴുതിപ്പോകാതെ വൈദിക യുക്തിരാഹിത്യത്തിനെതിരെ പോരാടിയ ചട്ടമ്പിസ്വാമികളെയും കൂടി യോഗവിദ്യ അഭ്യസിപ്പിച്ചതു വഴി യോഗാഭ്യാസത്തിന്റെ മഹാഗുരുവായി മാറിയ ഋഷിവര്യനായിരുന്നു തൈക്കാട് അയ്യാഗുരു.
ജീവിതയാഥാർത്ഥ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിക്കൊണ്ടല്ല ആദ്ധ്യാത്മിക രംഗത്ത് പൂർണത പ്രാപിക്കേണ്ടതെന്നു മനസിലാക്കിയ അദ്ദേഹം കർമ്മരംഗത്ത് ഉറച്ചുനിന്നു. ഗൃഹസ്ഥാശ്രമിയായ ഏതൊരാൾക്കും സ്വപ്രയത്നംകൊണ്ട് ആദ്ധ്യാത്മികതയുടെ അത്യുന്ന നിലയിൽ എത്താൻ കഴിയുമെന്ന് സ്വജീവിതംകൊണ്ട് അദ്ദേഹം തെളിയിച്ചു. അതിന് ജാതി, മത, വർണഭേദങ്ങൾ പ്രതിബന്ധമായി മാറുന്നില്ലെന്നും അദ്ദേഹം മറ്റുള്ളവരെ പഠിപ്പിച്ചു. ചുരുക്കത്തിൽ സാധക ഹൃദയങ്ങളിലേക്ക് ഒരു വിളക്കിൽ നിന്ന് മറ്റൊരു വിളക്കിലേക്കെന്ന പോലെ ആത്മജ്ഞാനത്തിന്റെ ദീപം പകർന്ന ശിവരാജ യോഗവിദ്യയുടെ ആചാര്യനായിരുന്നു അദ്ദേഹം.
തിരുവിതാംകൂർ റസിഡൻസി മാനേജരായി കൃത്യനിർവഹണത്തിനെത്തിയ അയ്യാവിന്റെ വേദാന്ത പാണ്ഡിത്യവും ആദ്ധ്യാത്മികാഭിമുഖ്യവും യോഗവിദ്യയിലെ സിദ്ധിവൈഭവവും രാജകുടുംബത്തിനാണ് ആദ്യം ബോദ്ധ്യമായത്. പിന്നീട് അയ്യാവിന്റെ യോഗമഹത്വം മനസിലാക്കിയ സാധാരണക്കാരും പൗരമുഖ്യന്മാരും അദ്ദേഹത്തെ ഗുരുതുല്യം ആദരിക്കുകയും ചെയ്തു. ഒരേ സമയം നിസംഗനായ ഗൃഹസ്ഥനും പ്രബുദ്ധനായ ജ്ഞാനിയും നിസ്‌തുലനായ കർമ്മയോഗിയുമായ അദ്ദേഹത്തിന്റെ അനുഗ്രഹാശിസുകൾക്ക് പാത്രീഭവിച്ചവർ നിരവധിയാണ്.
കേരള ചരിത്രത്തിൽ നിത്യസ്‌മരണീയരായ മഹാത്മാക്കൾക്കൊപ്പം ആദ്ധ്യാത്മിക നിലയിൽ അത്യുന്നതി പ്രാപിച്ച കൊല്ലത്തമ്മ, തക്കല പീർമുഹമ്മദ്, പേട്ടയിൽ ഫെർണാണ്ടസ്, മക്കടിലബ്ബ തുടങ്ങിയവരുടെയും സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കേരളവർമ്മ വലിയകോയിത്തമ്പുരാൻ, എ.ആർ. രാജരാജവർമ്മ, മനോന്മണീയം സുന്ദരൻപിള്ള തുടങ്ങിയ മഹാരഥന്മാരുടെയും മാർഗദർശിയായി വർത്തിച്ചതും തൈക്കാട് അയ്യാഗുരുവായിരുന്നു. കൂടാതെ പൂർണത പ്രാപിക്കാനുള്ള ത്വരയോടെ തന്നെ സമീപിച്ച സാധാരണക്കാർക്കുപോലും അദ്വൈതാനുഭവത്തിന്റെ പ്രായോഗിക വശങ്ങൾ അദ്ദേഹം പകർന്നു നല്കി.
അതോടൊപ്പം സാമൂഹികബോധം വളർത്തുകയും സമൂഹത്തെ ചലിപ്പിക്കുകയും ചെയ്തിരുന്ന നവോത്ഥാന നായകന്മാർക്കു വേണ്ട ദിശാബോധം നൽകുകയും ചെയ്തു. അക്കൂട്ടത്തിൽ ഒരു ജനവിഭാഗത്തിന്റെ സമര നായകനും സാമൂഹിക പരിഷ്കർത്താവുമായിരുന്ന അയ്യങ്കാളിയും നിർണായക ഘട്ടങ്ങളിലൊക്കെ തന്റെ മാർഗദർശികളിൽ ഒരാളായിക്കണ്ട് തൈക്കാട് അയ്യാവിന്റെ ഉപദേശങ്ങൾ സ്വീകരിച്ചിരുന്നു.
ചെന്നൈ മുതൽ
തൈക്കാട് വരെ
വേദാന്ത പണ്ഡിതനും തമിഴ് ഗ്രന്ഥകർത്താവും ശിവഭക്തനുമായിരുന്ന മുത്തുകുമാരന്റെയും രുക്‌മിണി അമ്മാളിന്റെയും മകനായി 1814-ൽ ചെന്നൈയിലായിരുന്നു അയ്യാഗുരുവിന്റെ ജനനം. സുബ്ബരായൻ എന്നായിരുന്നു പേര്. 1873-ലാണ് തിരുവിതാംകൂർ റസിഡൻസി മാനേജരായി അദ്ദേഹം തിരുവനന്തപുരത്ത് എത്തുന്നത്. തൈക്കാട് സ്ഥിരതാമസം ആരംഭിച്ചതോടെ തൈക്കാട് അയ്യാഗുരു എന്ന പേരിൽ അദ്ദേഹം വിഖ്യാതനായി. 1873-ൽ തുടങ്ങി 36 വർഷം തിരുവിതാംകൂർ റസിഡൻസി മാനേജരായി അദ്ദേഹം ഔദ്യോഗിക ജീവിതം നയിച്ചു. ആയില്യം തിരുനാൾ, വിശാഖം തിരുനാൾ, ശ്രീമൂലം തിരുനാൾ തുടങ്ങിയ മഹാരാജാക്കന്മാർക്കൊപ്പം ദീർഘിച്ച ഔദ്യോഗിക ജീവിതത്തിന് 1909-ൽ 96-ാം വയസിൽ വിരാമം കുറിക്കാൻ അദ്ദേഹം തീരുമാനിച്ചു.
യോഗശാസ്ത്രമനുസരിച്ച് സമാധിയടയുന്നതിന് ഏഴുദിവസം മുൻപേ അദ്ദേഹം ഭക്ഷണം ഉപേക്ഷിച്ചു. ഏഴാം ദിവസം കർപ്പൂര ദീപാരാധന എന്ന് അനുചരനോട് കല്പിച്ചു. പിന്നീട് പത്മാസനത്തിലിരുന്ന് ഗുരുപൂജാ സ്‌തോത്രം ചൊല്ലി ധ്യാനത്തിലാണ്ടു. ധ്യാനമുണർന്ന് താൻ ദർശിച്ച കർപ്പൂര ആരതിയിൽ നിന്നുയർന്ന ദീപജ്യോതിസിലേക്ക് ആത്മജ്യോതിസിനെ ലയിപ്പിച്ച് അദ്ദേഹം പരമാത്മാവിൽ വിലയം പ്രാപിച്ചു. അങ്ങനെ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം കൊല്ലവർഷം 1084 കർക്കടകം മകം നക്ഷത്രത്തിൽ അയ്യാഗുരു സമാധിയായി. തന്റെ ഇംഗിതപ്രകാരം തിരുവനന്തപുരം തൈക്കാട് ശ്‌മശാനത്തിന് വടക്കുകിഴക്കരികിലാണ് അയ്യാഗുരുവിന്റെ സമാധി സ്ഥാനം. അവിടെ 1943 ജൂണിൽ ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് ഒരു ക്ഷേത്രം നിർമ്മിച്ച് ശിവപ്രതിഷ്ഠ നടത്തുകയും ചെയ്തു.
(കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'തൈക്കാട് അയ്യാഗുരു" എന്ന ജീവചരിത്രഗ്രന്ഥത്തിന്റെ കർത്താവാണ് ലേഖകൻ. ഫോൺ: 90487 71080)