കുട്ടികൾക്ക് നാടിനോട് താത്പര്യം ഉണ്ടാവാൻ പ്രവാസി മലയാളികൾ ശ്രദ്ധിക്കണം: കെ. മുരളീധരൻ

Sunday 27 July 2025 6:20 AM IST

ബാങ്കോക്ക്: കേരളത്തോട് തങ്ങളുടെ പുതിയ തലമുറക്ക് താത്പര്യം ഉണ്ടാവാൻ പ്രവാസി മലയാളികൾ ശ്രദ്ധിക്കണം എന്ന് മുൻ എം.പി കെ. മുരളീധരൻ പറഞ്ഞു. വേൾഡ് മലയാളി കൗൺസിലിന്റെ പതിനാലാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകമെങ്ങും മലയാളി സംഘടനകൾ ഉണ്ട്. പക്ഷെ അവരുടെ പരിപാടികളിൽ കുട്ടികൾ പങ്കെടുക്കുന്നില്ല. ഇത് ഇത്തരം കൂട്ടായ്മകൾക്ക് വെല്ലുവിളി ആയി മാറുമെന്നും മുരളീധരൻ പറഞ്ഞു.

വേൾഡ് മലയാളി കൗൺസിലിനു മുപ്പതു വർഷത്തിനിടയിൽ ഇത് ആദ്യമായ് ആസ്ഥാന മന്ദിരം ഉണ്ടാക്കുമെന്നും കൊച്ചിയിൽ സെന്റർ തുടങ്ങുമെന്നും നിയുക്ത പ്രസിഡന്റ്‌ ഡോ. ബാബു സ്റ്റീഫൻ പറഞ്ഞു. യൂത്തിനു മാത്രമായി കൺവെൻഷൻ നടത്തുന്നത് ഉൾപ്പെടെ വിപുലമായ പരിപാടികൾ ആണ് ഇനിയുള്ള രണ്ട് വർഷങ്ങളിലായി വേൾഡ് മലയാളി കൗൺസിൽ നടപ്പിലാക്കുക എന്നും ബാബു സ്റ്റീഫൻ അറിയിച്ചു.

സ്ഥാനമൊഴിയുന്ന പ്രസിഡന്റ്‌ തോമസ് മൊട്ടക്കൽ അദ്ധ്യക്ഷൻ ആയിരുന്നു. സെക്രട്ടറി ദിനേശ് നായർ, ചാലക്കുടി എം.എൽ.എ സനീഷ്, മുരുകൻ കാട്ടാക്കട, സോനാ നായർ, ടോമിൻ തച്ചങ്കരി, നിയുക്ത സെക്രട്ടറി ഷാജി മാത്യു, അജോയ് കല്ലിങ്കുന്നിൽ, ജെയിംസ് കൂടൽ, സുരേന്ദ്രൻ കണ്ണാട്ട്, ഗ്ലോബൽ ചെയർ പേഴ്സൺ തങ്കമണി ദിവാകരൻ തുടങ്ങി കൗൺസിൽ ഭാരവാഹികളും പ്രസംഗിച്ചു.

മൂന്നു ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ 52 രാജ്യങ്ങളിൽ നിന്ന് 550ലധികം പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. ഉദ്ഘാടന സമ്മേളനത്തിന് മുൻപ് വിവിധ റീജിയനുകളുടെ ആഭിമുഖ്യത്തിൽ ഘോഷയാത്രയും നടന്നു.