തായ്‌ലൻഡുമായുള്ള സംഘർഷം: വെടിനിറുത്തൽ ആവശ്യപ്പെട്ട് കംബോഡിയ

Sunday 27 July 2025 6:22 AM IST

ബാങ്കോക്ക്: അതിർത്തിയിൽ തായ്‌ലൻഡുമായി സംഘർഷം തുടരുന്നതിനിടെ, വെടിനിറുത്തൽ വേണമെന്ന ആവശ്യവുമായി കംബോഡിയ. തായ്‌ലൻഡ് ഉടനടി നിരുപാധിക വെടിനിറുത്തലിന് തയ്യാറാകണമെന്നും വിഷയത്തിൽ സമാധാനപരമായി പരിഹാരം കാണണമെന്നും ഐക്യരാഷ്ട്ര സംഘടനയിലെ (യു.എൻ)​ കംബോഡിയൻ അംബാസഡർ ചിയ കിയോ വ്യക്തമാക്കി. തായ്ലൻഡും കംബോഡിയയും പങ്കെടുത്ത യു.എൻ രക്ഷാസമിതിയുടെ യോഗത്തിന് പിന്നാലെയാണ് കിയോയുടെ പ്രതികരണം. വെടിനിറുത്തൽ ചർച്ചകൾ തുടരണമെങ്കിൽ കംബോഡിയ സംഘർഷം അവസാനിപ്പിക്കുന്നതിൽ ആത്മാർത്ഥത കാണിക്കണമെന്ന് തായ് വിദേശകാര്യ മന്ത്രി മാരിസ് സാൻഗിയംപോങ്ങ്സ പറഞ്ഞു.

തായ്‌ അതിർത്തിയിൽ കൊല്ലപ്പെട്ടവർ 25 ആയി. ഇതിൽ ആറ് പേർ സൈനികരാണ്. കംബോഡിയൻ അതിർത്തിയിൽ ആറ് സൈനികരുൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു. കംബോഡിയയിൽ 124 സൈനികർ കൊല്ലപ്പെട്ടെന്നും രണ്ട് ടാങ്കുകൾ തകർത്തെന്നും തായ്‌ലൻഡ് അവകാശപ്പെട്ടു. ഇരുരാജ്യങ്ങളുടെയും അതിർത്തി ഗ്രാമങ്ങളിൽ നിന്ന് 2,00,000ത്തോളം പേരെ ഒഴിപ്പിച്ചു.

അതേസമയം, സംഘർഷത്തിന്റെ മൂന്നാം ദിനമായ ഇന്നലെ രാജ്യത്തെ തീരദേശ പ്രവിശ്യയായ ട്രാറ്റിൽ കംബോഡിയ ആക്രമണത്തിന് ശ്രമിച്ചെന്നും തങ്ങളുടെ നേവി ഇടപെട്ട് അവരെ തുരത്തിയെന്നും തായ് സൈന്യം പറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ വിലക്ക് നേരിടുന്ന ക്ലസ്റ്റർ ആയുധങ്ങൾ തായ് സൈന്യം പ്രയോഗിക്കുന്നെന്ന് കംബോഡിയ ആരോപിച്ചു. തായ്‌ലൻഡ് പ്രതികരിച്ചിട്ടില്ല.

വ്യാഴാഴ്ചയാണ് അതിർത്തിയിലെ തർക്ക പ്രദേശമായ താ മോൻ തോം ക്ഷേത്രത്തിന് സമീപം തായ്-കംബോഡിയൻ സൈന്യം ഏറ്റുമുട്ടൽ തുടങ്ങിയത്.