കൂട്ടിയിടി ഒഴിവാക്കാൻ വിമാനം താഴ്ത്തി, 2 ജീവനക്കാർക്ക് പരിക്ക്

Sunday 27 July 2025 6:30 AM IST

ന്യൂയോർക്ക് : മറ്റൊരു വിമാനവുമായുള്ള കൂട്ടിയിടി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനത്തിലെ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച യു.എസിലെ ഹോളിവുഡ് ബർബാങ്ക് എയർപോർട്ടിൽ നിന്ന് ലാസ് വേഗാസിലേക്ക് പുറപ്പെട്ട വിമാനത്തിലായിരുന്നു സംഭവം. പറന്നുയർന്ന് ആറ് മിനിറ്റിനുള്ളിൽ സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനത്തിന് കുറുകെയുള്ള ദിശയിൽ ഒരു സ്വകാര്യ ജെറ്റ് പ്രത്യക്ഷപ്പെടുകയായിരുന്നു. പെട്ടെന്ന് വിമാനം 500 അടി താഴ്ത്തി. യാത്ര തുടർന്ന വിമാനം ലാസ് വേഗാസിൽ വിജയകരമായി ലാൻഡ് ചെയ്തെന്നും യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം ആരംഭിച്ചു. ഈ മാസം 18ന് നോർത്ത് ഡക്കോട്ടയിൽ ഡെൽറ്റാ എയർലൈൻസ് വിമാനത്തിന്റെ ദിശയിൽ യു.എസ് വ്യോമസേനയുടെ ബി 52 സ്ട്രാറ്റോഫോർട്രസ് ബോംബർ പ്രത്യക്ഷപ്പെട്ടിരുന്നു. ഡെൽറ്റാ പൈലറ്റിന്റെ സമയോചിത ഇടപെടലിലൂടെ തലനാരിഴയ്ക്കാണ് ആകാശ ദുരന്തം ഒഴിവായത്.