ഇറാനിൽ ഭീകരാക്രമണം: 5 മരണം
Sunday 27 July 2025 6:32 AM IST
ടെഹ്റാൻ: ഇറാനിലെ സിസ്താൻ ബലൂചിസ്ഥാൻ പ്രവിശ്യയിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു വയസുള്ള കുഞ്ഞും അമ്മയുമടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു. 13 പേർക്ക് പരിക്കേറ്റു. പ്രവിശ്യയുടെ തലസ്ഥാനമായ സഹേദാൻ നഗരത്തിൽ നീതിന്യായ വകുപ്പുമായി ബന്ധപ്പെട്ട കെട്ടിടത്തിലായിരുന്നു ആക്രമണം. അക്രമികളിൽ മൂന്ന് പേരെ സുരക്ഷാ സേന വധിച്ചു. ജെയ്ഷ് അൽ - അദ്ൽ ഭീകരഗ്രൂപ്പ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. സന്ദർശകരെന്ന വ്യാജേന കെട്ടിടത്തിനുള്ളിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ച ഭീകരർ ഗ്രനേഡ് എറിയുകയായിരുന്നു. പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജെയ്ഷ് അൽ - അദ്ൽ ഇറാന്റെ തെക്കു കിഴക്കൻ മേഖലകളിൽ സജീവമാണ്.