പട്ടിണിയിൽ ഗാസ, ഇസ്രയേൽ പദ്ധതിക്ക് വിമർശനം
ടെൽ അവീവ്: പട്ടിണി രൂക്ഷമായ ഗാസയിലേക്ക് ഭക്ഷണം അടക്കം സഹായ പാക്കറ്റുകൾ എയർഡ്രോപ്പ് ചെയ്യാൻ വിദേശരാജ്യങ്ങളെ അനുവദിക്കാനുള്ള ഇസ്രയേൽ നീക്കം ഫലപ്രദമാകില്ലെന്ന് വിമർശനം. നീക്കം പരാജയമാണെന്ന് നേരത്തെ തെളിഞ്ഞതാണെന്നും സാധാരണക്കാരുടെ ജീവന് അപകടം സൃഷ്ടിക്കുമെന്നും സഹായ ഏജൻസികൾ ചൂണ്ടിക്കാട്ടി.
നേരത്തെ യു.എസ്, ഫ്രാൻസ്, ജോർദ്ദാൻ, ഈജിപ്റ്റ്, നെതർലൻഡ്സ്, ബെൽജിയം എന്നീ രാജ്യങ്ങൾക്ക് ഗാസയിലേക്ക് സൈനിക വിമാനങ്ങളിൽ നിന്ന് സഹായ പാക്കേജുകൾ എയർഡ്രോപ്പ് ചെയ്യാൻ ഇസ്രയേൽ അനുമതി നൽകിയിരുന്നെങ്കിലും പിന്നീട് അവസാനിപ്പിച്ചു. ഗാസയിൽ എയർഡ്രോപ്പ് ചെയ്ത സഹായ പാക്കറ്റുകൾ അടങ്ങിയ ഭീമൻ പെട്ടി പതിച്ച് സാധാരണക്കാർ മരിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്.
പട്ടിണി മൂലം സമീപ ദിവസങ്ങളിൽ 127 പേർ മരിച്ച സാഹചര്യത്തിൽ റോഡ് മാർഗ്ഗം സഹായ ട്രക്കുകളെ ഗാസയിലേക്ക് കടത്തിവിടണമെന്നാണ് ആവശ്യം. നൂറുകണക്കിന് കുഞ്ഞുങ്ങൾ പോഷകാഹാര കുറവ് മൂലം മരണത്തിന്റെ വക്കിലാണ്. അതേ സമയം, ഇന്നലെ 21 പേർ ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ആകെ മരണം 59,670 കടന്നു.