റഷ്യൻ ആക്രമണം: യുക്രെയിനിൽ 3 മരണം

Sunday 27 July 2025 6:32 AM IST

കീവ്: യുക്രെയിനിലെ നിപ്രോയ്ക്കും സമീപ പ്രദേശങ്ങൾക്കും നേരെ ശക്തമായ വ്യോമാക്രമണം നടത്തി റഷ്യ. ഇന്നലെ പുലർച്ചെയുണ്ടായ ആക്രമണത്തിൽ നിപ്രോയിൽ 3 പേർ കൊല്ലപ്പെട്ടെന്ന് യുക്രെയിൻ അറിയിച്ചു. 6 പേർക്ക് പരിക്കേറ്റു. 235 ഡ്രോണുകളും 27 മിസൈലുകളുമാണ് റഷ്യ യുക്രെയിന് നേരെ വിക്ഷേപിച്ചത്. ഇതിൽ 10 മിസൈലുകളും 25 ഡ്രോണുകളും 9 ഇടങ്ങളിലായി പതിച്ചെന്നും മറ്റുള്ളവ തകർത്തെന്നും യുക്രെയിൻ സൈന്യം വ്യക്തമാക്കി. ജനവാസ കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടായി. പലയിടത്തും ശക്തമായ തീപിടിത്തം റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പറഞ്ഞു. അതിനിടെ, കിഴക്കൻ യുക്രെയിനിലെ രണ്ട് ഗ്രാമങ്ങൾ കൂടി പിടിച്ചെടുത്തെന്ന് റഷ്യ അവകാശപ്പെട്ടു.