ജോഡിക്ക് 600 രൂപ വരെ, തമിഴ്നാട് സ്വദേശിനികൾ ഇടുക്കിയിലെത്തിച്ചത് 139 തത്തകളെ; പിന്നാലെ പിടികൂടി വനപാലകർ
ഇടുക്കി: തമിഴ്നാട്ടിൽ നിന്ന് തത്തകളെ എത്തിച്ച് ഇടുക്കിയിൽ അനധികൃതമായി വിൽപ്പന നടത്താൻ ശ്രമിച്ച സ്ത്രീകൾ പിടിയിൽ. കാഞ്ചിയാറിലെ വനപാലകരാണ് തമിഴ്നാട് സ്വദേശികളായ സ്ത്രീകളെ അറസ്റ്റ് ചെയ്തത്. കോട്ടൂർ പുതുതെരുവ് സ്വദേശികളായ ജയാ വീരൻ, ഇലവഞ്ചി, ഉഷ ചന്ദ്രശേഖരൻ എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 139 തത്തകളെയാണ് പിടിച്ചെടുത്തത്. സ്ത്രീകൾ തത്തകളെ വിൽക്കുന്നുണ്ടെന്ന് ഇടുക്കി ഫ്ലയിംഗ് സ്‌ക്വാഡ് ഡിഎഫ്ഓയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
തമിഴ്നാട്ടിലെ പൊള്ളാച്ചി ഭാഗത്തുള്ള നരിക്കുറവൻമാരിൽ നിന്നും പലതവണയായി ശേഖരിച്ച തത്തകളെയാണ് വിൽപ്പനയ്ക്ക് എത്തിച്ചതെന്ന് സ്ത്രീകൾ മൊഴി നൽകിയിട്ടുണ്ട്. ജോഡിക്ക് 400 മുതൽ 600 രൂപ വരെ ഈടാക്കി വിൽപ്പന നടത്താനായിരുന്നു ഇവരുടെ ലക്ഷ്യം. ഇത്തരത്തിൽ പായ്ക്ക് ചെയ്തു നൽകുന്നതിനുള്ള സാധനങ്ങളും സ്ത്രീകൾ കൊണ്ടുവന്നിരുന്നു. ഇന്ത്യൻ വൈൽഡ് ലൈഫ് ആക്ട് പ്രകാരം ഷെഡ്യൂൾ രണ്ടിൽ ഉൾപ്പെട്ട സംരക്ഷിത പക്ഷിയാണ് തത്ത. തത്തകളെ വിൽക്കുകയും വളർത്തുകയും ചെയ്യുന്ന കുറ്റത്തിന് മൂന്ന് മുതൽ ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തത്തകളിൽ ആറെണ്ണം ചത്ത് പോയിരുന്നു. പിടികൂടിയതിൽ ബാക്കിയുള്ള 133 തത്തകളെ വനത്തിൽ തുറന്നു വിടുമെന്നും വനപാലകർ അറിയിച്ചു.