യുഎസിലെ വാൾമാർട്ട് സ്റ്റോറിൽ ആക്രമണം; 11 പേർക്ക് കുത്തേറ്റു, പ്രതി കസ്റ്റഡിയിൽ

Sunday 27 July 2025 10:52 AM IST

വാഷിംഗ്ടൺ: യുഎസിലെ മിഷിഗണിലെ വാൾമാർട്ട് സ്റ്റോറിൽ കത്തിയാക്രമണം. മിഷിഗൺ ട്രാവേഴ്സ് സിറ്റിയിൽ ശനിയാഴ്ചയാണ് നടുക്കുന്ന സംഭവം നടന്നത്. ആക്രമണത്തിൽ 11 പേർക്ക് കുത്തേറ്റു. ഇതിൽ ആറുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. മടക്കിവയ്ക്കുന്ന ചെറിയ കത്തി ഉപയോഗിച്ചാണ് അക്രമി ആളുകളെ കുത്തിയതെന്നാണ് വിവരം.

അക്രമിയുടെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താൻ പൊലീസിനോട് ആവശ്യപ്പെട്ടതായി വാൾമാർട്ട് അധികൃതർ അറിച്ചു. പ്രതി മിഷിഗണിൽ തന്നെ താമസിക്കുന്നയാളാണെന്നാണ് സൂചന. സിനിമയിലെ രംഗങ്ങളെപ്പോലെ ഭയപ്പെടുത്തുന്ന സംഭവമാണ് സ്ഥലത്ത് അരങ്ങേറിയതെന്ന് ദൃക്സാക്ഷിയായ യുവതി മാദ്ധ്യമങ്ങളോട് പറഞ്ഞു. താനും സഹോദരിയും പാർക്കിംഗ് ലോട്ടിൽ നിൽക്കുമ്പോഴാണ് സമീപത്ത് ഇത് സംഭവിച്ചതെന്നും അവർ വ്യക്തമാക്കി.