ടേക്ക് ഓഫിന് നിമിഷങ്ങൾക്കുമുൻപ് ബോയിംഗ് വിമാനത്തിന് തീപിടിച്ചു; നിരങ്ങിയിറങ്ങിയോടി യാത്രക്കാർ, വീഡിയോ

Sunday 27 July 2025 11:11 AM IST

വാഷിംഗ്‌ടൺ: ലാൻ‌ഡിംഗ് ഗിയറിൽ തകരാറുണ്ടായതിനെത്തുടർന്ന് തീയും പുകയും ഉയർന്നതോടെ ടേക്ക് ഓഫ് റദ്ദാക്കി അമേരിക്കൻ എയർലൈൻസ് വിമാനം. ഡെൻവർ വിമാനത്താവളത്തിൽ നിന്ന് പ്രാദേശിക സമയം 2.45ന് പുറപ്പെടാനൊരുങ്ങവേയാണ് സംഭവം. മിയാമിയിലേയ്ക്ക് പോവുകയായിരുന്ന ബോയിംഗ് 737 മാക്‌സ് 8 എയർക്രാഫ്റ്റിന്റെ എഎ-3023 വിമാനത്തിനാണ് തകരാറുണ്ടായത്. തുടർന്ന് വിമാനത്തിലുണ്ടായിരുന്ന 173 യാത്രക്കാരെയും അടിയന്തരമായി പുറത്തിറക്കി. അപകടത്തിൽ ഒരാൾക്ക് മാത്രം നിസാര പരിക്കേറ്റതായി അധികൃതർ അറിയിച്ചു.

വിമാനത്തിൽ നിന്ന് തീയും പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷൻ അറിയിച്ചു. വിമാനം റൺവേയിലായിരുന്നപ്പോഴാണ് തീപിടിത്തമുണ്ടായതെന്നും അപ്പോൾത്തന്നെ എയർപോർട്ട് ജീവനക്കാരും ഡെൻവർ അഗ്നിരക്ഷാ വകുപ്പും ഉണർന്ന് പ്രവർത്തിച്ചതായും ഡെൻവർ വിമാനത്താവള അധികൃതർ പ്രസ്‌താവനയിൽ വ്യക്തമാക്കി. പ്രാദേശിക സമയം 5.10ഓടെ തീ അണച്ചതായി ഡെൻവർ അഗ്നിരക്ഷാ വകുപ്പ് അറിയിച്ചു.

കഴിഞ്ഞ അഞ്ചുമാസത്തിനിടെ വിമാനത്തിൽ തീ പിടിക്കുന്ന രണ്ടാമത്തെ സംഭവമാണ് ഡെൻവർ വിമാനത്താവളത്തിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ മാർച്ചിൽ ഡല്ലാസിലേയ്ക്ക് പോവുകയായിരുന്ന അമേരിക്കൻ എയർലൈൻസിന്റെ ബോയിംഗ് 737-800 വിമാനത്തിനാണ് വിമാനത്താവളത്തിൽവച്ച് തീപിടിച്ചത്. തുടർന്ന് വിമാനത്തിലുണ്ടായിരുന്ന 172 യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി.