'എന്നെ ഭ്രാന്തിയെന്ന് വിളിച്ചവർ ഇപ്പോൾ പ്രശംസിക്കുന്നു, ആ വീഡിയോ ഭർത്താവ് കണ്ടതോടെ എല്ലാം മാറിമറിഞ്ഞു'

Sunday 27 July 2025 1:43 PM IST

ജീവിതത്തിലുണ്ടായ ചില കാര്യങ്ങൾ തുറന്നുപറഞ്ഞപ്പോൾ പലരും ഭ്രാന്തിയെന്ന് വിളിച്ചെന്ന് നടി ലെന. തന്റെ ആത്മകഥയായ ദി ബയോഗ്രഫി ഒഫ് ഗോഡിലൂടെയാണ് ലെന വിഷാദത്തെക്കുറിച്ച് പല വെളിപ്പെടുത്തലുകളും നടത്തിയത്. അന്നുമുതൽക്കേ ലെനയെ വിമർശിച്ച് നിരവധിയാളുകളും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അന്നത്തെ ട്രോളുകൾ തനിക്ക് ഗുണം ചെയ്തെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. ഒരു അഭിമുഖത്തിനിടയിലാണ് ലെന ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

'വിഷാദം ഒരു രോഗമല്ലെന്നാണ് ആദ്യം എല്ലാവരും അറിയേണ്ടത്. എനിക്ക് വിഷാദമാണെന്ന് ആദ്യമേ മനസിലായിരുന്നു. ഞാൻ ക്ലിനിക്കൽ സൈക്കോളജി പഠിച്ച വ്യക്തിയായതുകൊണ്ട് വിഷാദത്തിന്റെ അവസ്ഥ മനസിലാകും. എനിക്ക് സംഭവിച്ചത് ആൾക്കാരെ അറിയിക്കേണ്ട ആവശ്യമുണ്ട്. ഇപ്പോൾ ചെറുപ്പക്കാർക്കാണ് കൂടുതലും വിഷാദം വരുന്നത്. ഇതൊരു വീർപ്പുമുട്ടലാണ്. നമുക്ക് ഒന്നിനോടും താൽപര്യം തോന്നാത്ത അവസ്ഥയാണ്. ഞാൻ കടന്നുപോയ സംഘർഷങ്ങൾ എഴുതിയിട്ടുണ്ട്.

ജീവിതം പഠിപ്പിച്ച കാര്യങ്ങളാണ് ഞാൻ എഴുതുന്നത്. ഞാനെഴുതിയ പുസ്തകം പലയാളുകളും ഒ​റ്റത്തവണയായിട്ടാണ് വായിച്ചത്. ഞാൻ പറയുന്ന കാര്യങ്ങൾ ആളുകൾ ശ്രദ്ധിക്കുന്നതുതന്നെ വലിയ കാര്യമാണ്.ഇനിയും പുസ്തകം എഴുതും. കഴിഞ്ഞ വർഷം എനിക്ക് ഭ്രാന്താണെന്ന് പറഞ്ഞവർ പലരും ഇപ്പോൾ എന്നെ പ്രശംസിക്കുകയാണ്. ട്രോളൻമാർ ഉളളതുകൊണ്ടാണ് എന്റെ പുസ്തകം എല്ലാവരും അറിഞ്ഞത് അവർക്കാണ് ആദ്യം നന്ദി പറയുന്നത്. എന്റെ അന്നത്തെ വൈറൽ വീഡിയോ ഭർത്താവ് കാണാനിടയായിരുന്നു. അതോടെ ജീവിതം മാറിമറിഞ്ഞു'- ലെന പറഞ്ഞു.