ഭർത്താവിന്റെ മദ്യപാനവും ഗാർഹിക പീഡനവും, മൂന്ന് പെൺമക്കളെ വിഷം നൽകി കൊലപ്പെടുത്തി അമ്മ
താനെ: പ്രായപൂർത്തിയാകാത്ത മൂന്ന് പെൺമക്കളെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിൽ 27കാരി അറസ്റ്റിൽ. ജൂലായ് 20ന് മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം നടന്നത്. ജില്ലയിലെ ഷഹാപൂർ മേഖലയിലെ അസ്നോലി ഗ്രാമത്തിൽ താമസിക്കുന്ന വീട്ടമ്മയായ സന്ധ്യ സന്ദീപ് ബെരെയെയാണ് പൊലീസ് പിടികൂടിയത്. അഞ്ചും എട്ടും പത്തും പ്രായമുള്ള പെൺകുട്ടികൾക്കാണ് യുവതി ഭക്ഷണത്തിൽ കീടനാശിനി നൽകി കൊലപ്പെടുത്തിയത്.
കുട്ടികൾക്ക് ഛർദ്ദിയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നില വഷളായപ്പോൾ രണ്ടുപേരെ മുംബയിലുള്ള ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജൂലായ് 24നും ജൂലായ് 25നും ഇരുവരും മരണപ്പെട്ടു. മറ്റൊരു കുട്ടിയെ നാസിക്കിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജൂലായ് 24ന് ആ കുട്ടിയും മരണത്തിന് കീഴടങ്ങുകയായിരുന്നു.
ആദ്യം പൊലീസ് അപകട മരണത്തിനാണ് കേസെടുത്തത്. ശനിയാഴ്ച രാത്രിയോടെ വന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുട്ടികളുടെ ശരീരത്തിൽ വിഷത്തിന്റെ അംശം കണ്ടെത്തിയതോടെ കൊലക്കുറ്റത്തിന് പൊലീസ് കേസെടുക്കുകയായിരുന്നു. പിന്നീട് തെളിവുകളുടെ അടിസ്ഥാനത്തിൽ അമ്മയ്‌ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തുകയും ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെ യുവതിയെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഭർത്താവിന്റെ മദ്യപാനവും നിരന്തരമായ പീഡനവും പ്രതി നേരിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭർത്താവിൽ നിന്ന് അകന്നു കഴിയുന്ന യുവതി മൂന്ന് പെൺമക്കളെയും പോറ്റാൻ കഴിയാത്തതിൽ മനം നൊന്താണ് കൊലപാതകം നടത്തിയതെന്ന് യുവതി തന്നെ പൊലീസിനോട് കുറ്റം സമ്മതിച്ചു. കുട്ടികളുടെ മരണത്തിൽ യുവതിയുടെ ഭർതൃവീട്ടുകാർ സംശയം ഉന്നയിച്ചിരുന്നു. ചോദ്യം ചെയ്യുന്നതിനായി ആദ്യം യുവതിയെ കസ്റ്റഡിയിലെടുത്തെന്നും പിന്നീട് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്ന ശേഷം അറസ്റ്റ് രേഖപ്പെടുത്തിയെന്നും പൊലീസ് വ്യക്തമാക്കി.