'ഇന്ത്യയെക്കുറിച്ച് ഇതുപറയാൻ എനിക്ക് മടിയില്ല'; അമേരിക്കക്കാരിയുടെ വീഡിയോയിൽ കമന്റുകളുടെ പെരുമഴ
ഇന്ത്യയിലെ ജീവിതത്തെക്കുറിച്ച് ഒരു അമേരിക്കൻ വനിത പങ്കുവച്ച സമൂഹമാദ്ധ്യമ പോസ്റ്റ് വൈറലാവുകയാണ്. കണ്ടന്റ് ക്രിയേറ്റർ ക്രിസ്റ്റൻ ഫിഷർ പങ്കുവച്ച പോസ്റ്റാണ് വൈറലാവുന്നത്. നാലുവർഷം മുൻപ് ക്രിസ്റ്റനും കുടുംബവും ഇന്ത്യയിലേയ്ക്ക് താമസം മാറിയിരുന്നു. ഇന്ത്യയിലെ അനുഭവം മികച്ചതായിരുന്നില്ല എന്നും എന്നാൽ ഒരു രാജ്യവും മികച്ചതല്ലെന്നും എല്ലാവർക്കും അവരുടേതായ കുറവുകൾ ഉണ്ടാവുമെന്നും ക്രിസ്റ്റൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ വ്യക്തമാക്കി.
'ഇന്ത്യയിൽ താമസിക്കുന്ന വിദേശിയെന്ന നിലയിൽ, ഒരു സ്ഥലവും മികച്ചതല്ല എന്ന് പറയാൻ എനിക്ക് മടിയില്ല. ഞാൻ ഇന്ത്യയെ സ്‌നേഹിക്കുന്നു. ഇതൊരു മികച്ച രാജ്യമല്ല. ഞാൻ ഇഷ്ടപ്പെടാത്ത നിരവധി കുറവുകൾ ഇന്ത്യക്കുണ്ട്. ഞാൻ യുഎസ്‌എയെയും സ്‌നേഹിക്കുന്നു. എന്നാൽ എല്ലാവരും കരുതുന്നതുപോലെ അതും ഒരു മികച്ച രാജ്യമല്ല. നമ്മൾ പോകുന്ന ഇടങ്ങളിലെല്ലാം കുറവുകൾ ഉണ്ടാവും, എന്നാൽ അവയിലെല്ലാം നല്ലത് കാണാൻ ശ്രമിക്കണം. എവിടെയായിരുന്നാലും സന്തോഷം കണ്ടെത്താനുള്ള കഴിവ് നമുക്കുണ്ട്. അതൊരു തിരഞ്ഞെടുപ്പാണ്. നെഗറ്റീവ് കാണാനാണോ പോസിറ്റീവ് വശങ്ങൾ കാണാനാണോ നിങ്ങൾ ഇഷ്ടപ്പെടുന്നത്?'- എന്ന കുറിപ്പോടെയാണ് ക്രിസ്റ്റൻ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇന്ത്യയിൽ ഇഷ്ടപ്പെടുന്നതും വെറുക്കുന്നതുമായ കാര്യങ്ങളും വീഡിയോയിൽ പറയുന്നുണ്ട്.
- ഞാൻ എന്റെ കുടുംബത്തെ മിസ് ചെയ്യുന്നു
- എനിക്ക് ഇന്ത്യൻ ഭക്ഷണമാണ് കൂടുതൽ ഇഷ്ടം
- എനിക്ക് ന്യൂനപക്ഷമായിരിക്കാൻ ഇഷ്ടമാണ്
- ഡൽഹിയിലെ മാലിന്യം ഞാൻ വെറുക്കുന്നു
- കുട്ടികൾക്ക് ഇന്ത്യ മികച്ച സ്ഥലമാണ്
- സസ്യഭുക്കായിരിക്കുന്നതാണ് നല്ലത്
- ഇന്ത്യ കൂടുതൽ എളിമയുള്ള രാജ്യമാണ്
- തെരുവുകളിലെ മാലിന്യം ഞാൻ വെറുക്കുന്നു
- ഇന്ത്യയിലെ ആഹാരം ആരോഗ്യകരമാണ്
- ഇന്ത്യയിലെ ആതിഥ്യമര്യാദ മികച്ചതാണ്
- പ്രാദേശിക കൃഷിരീതികൾ മികച്ചതാണ് എന്നീ കാര്യങ്ങളാണ് ഇന്ത്യയിൽ ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതുമായി ക്രിസ്റ്റൻ വീഡിയോയിൽ പങ്കുവച്ചത്. വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ കമന്റുകൾ നൽകുന്നുണ്ട്.