തേജസ് ചരിത്രത്തിലേക്ക് പറത്തി രാജ്നാഥ് സിംഗ്
ബംഗളൂരു: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനം സഹപൈലറ്റായി പറത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ചരിത്രം കുറിച്ചു. ലഘുയുദ്ധവിമാനമായ (ലൈറ്റ് കോംബാറ്റ് എയർക്രാഫ്ട്) തേജസ് പറത്തുന്ന ആദ്യ ഇന്ത്യൻ പ്രതിരോധമന്ത്രിയാണ് 68കാരനായ രാജ്നാഥ് സിംഗ്. തേജസിന്റെ പരിശീലന വിമാനത്തിൽ അരമണിക്കൂർ പറന്ന അദ്ദേഹം രണ്ട് മിനിട്ട് വിമാനം പൂർണമായി നിയന്ത്രിച്ചു.
നാഷണൽ ടെസ്റ്റ് ഫ്ലൈറ്റ് സെന്ററിലെ എയർ വൈസ് മാർഷൽ എൻ. തിവാരി ആയിരുന്നു പൈലറ്റ്. അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചാണ് രാജ്‌നാഥ് സിംഗ് വിമാനം നിയന്ത്രിച്ചത്. പോർവിമാനങ്ങളുടെ പൈലറ്റുമാർ ഗുരുത്വബലത്തെ അതിജീവിക്കാൻ ധരിക്കുന്ന ജി - സ്യൂട്ടും വെള്ള ഹെൽമറ്റും ഓക്സിജൻ മാസ്‌കും ധരിച്ച രാജ്നാഥ് സിംഗ് തിവാരിയുടെ പിന്നിൽ കോ പൈലറ്റിന്റെ സീറ്റിലാണ് ഇരുന്നത്.
ഇന്നലെ രാവിലെ 10 മണിക്ക് ബംഗളൂരുവിലെ എച്ച്.എൽ.എൽ പ്രതിരോധ വിമാനത്താവളത്തിൽ നിന്നാണ് പറന്നുയർന്നത്. 13,000 അടി ഉയരത്തിൽ മണിക്കൂറിൽ 1234.8 കിലോമീറ്റർ (ഒരു മാക്ക്) വേഗതയിൽ വരെ വിമാനം പറന്നു.
വിമാനത്തിന്റെ സാങ്കേതിക കാര്യങ്ങളെ പറ്റിയുള്ള വീഡിയോ കാണിച്ചതല്ലാതെ മറ്റ് പരിശീലനമൊന്നും രാജ്നാഥ് സിംഗിന് നൽകിയിരുന്നില്ലെന്നും ലക്ഷ്യത്തിൽ പ്രഹരിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വിമാനത്തിൽ വച്ച് വിശദികരിച്ചു നൽകിയതായും തിവാരി പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു.
''പൈലറ്റ് പറഞ്ഞതെല്ലാം ഞാൻ അതേപടി ചെയ്‌തു. ജീവിതത്തിലെ വ്യത്യസ്തമായ ഒരു അനുഭവമാണിത്. പോർവിമാനത്തിലെ പറക്കൽ ആസ്വദിച്ചു. ഏറെ സംതൃപ്തിയുണ്ട്. തേജസ് വിമാനത്തിന്റെ പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞന്മാരെ പറ്റി അഭിമാനിക്കുന്നു. വിവിധ രാജ്യങ്ങൾ തേജസ് വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പോർവിമാനങ്ങളും മറ്റ് പ്രതിരോധ ഉത്പന്നങ്ങളും കയറ്റുമതി ചെയ്യാൻ കഴിയുന്ന നിലയിലേക്ക് ഇന്ത്യ വളർന്നു''
- രാജ്‌നാഥ് സിംഗ്