സാധാരണക്കാരന്റെ പറക്കാനുള്ള എയർ സ്കൂട്ടർ, പരീക്ഷണം പാളി; കനാലിൽ തകർന്നു വീണു
ലണ്ടൻ: കഷ്ടിച്ച് ഒരാൾക്ക് മാത്രം ഇരുന്ന് പോകാനാകുന്ന എയർ സ്കൂട്ടർ സാങ്കേതിക തകരാറിനെ തുടർന്ന് തകർന്നു വീണു. ഫ്രഞ്ച് സംരംഭകനായ ഫ്രാങ്കി സപാറ്റ കഴിഞ്ഞ വർഷം പുറത്തിറക്കിയ സിംഗിൾ സീറ്റ് ഹൈബ്രിഡ് എയർസ്കൂട്ടറിൽ പറന്നുയരുമ്പോഴായിരുന്നു അപകടം ഉണ്ടായത്. പറന്നുയർന്ന് മിനിട്ടുകൾക്ക് ശേഷം, മെഷീനിന്റെ തെർമൽ എഞ്ചിനുകളിൽ ഒന്ന് തകരാറിലായപ്പോഴാണ് സപാറ്റ കനാനിലേക്ക് പതിച്ചത്.
ജൂലായ് 25ന്, ഇംഗ്ലണ്ടിലേക്കുള്ള 34 കിലോമീറ്റർ ദൂരം താണ്ടുക എന്ന ലക്ഷ്യത്തോടെയാണ് 46 കാരനായ ഫ്രാങ്കി സപാറ്റ, കാലായിസിലെ സാൻഗട്ടെയിൽ നിന്ന് പരീക്ഷണ പറക്കൽ ആരംഭിച്ചത്. എന്നാൽ , പറന്നുയർന്ന് 17 മിനിട്ടിനുള്ളിൽ, എയർ സ്കൂട്ടർ അടിയന്തര ലാൻഡിംഗിന് നിർബന്ധിതമാകുകയായിരുന്നു. തിരിച്ച് പറന്നുയരുന്നതിനിടയിലാണ് അപകടം സംഭവിക്കുന്നത്. ഭാഗ്യവശാൽ, സമീപത്തുള്ള സുരക്ഷാ ബോട്ട്മാൻമാരാണ് സപാറ്റയെ കനാലിൽ നിന്ന് രക്ഷപ്പെടുത്തിയത്. പരാജയമുണ്ടായിട്ടും സപാറ്റയുടെ സ്റ്റാർട്ടപ്പ് കമ്പനി അവരുടെ പദ്ധതിയെക്കുറിച്ചുള്ള തങ്ങളുടെ ആത്മവിശ്വാസം കൈവെടിഞ്ഞിട്ടില്ല. 2028 ൽ ലാസ് വെഗാസിൽ ഒരു എയർ സ്കൂട്ടർ പുറത്തിറക്കാൻ തങ്ങൾ പദ്ധതിയിടുന്നുണ്ടെന്നാണ് പറയുന്നത്. ഇതിലൂടെ സാധാരണക്കാർക്ക് എയർ സ്കൂട്ടർ ഉപയോഗിക്കാനുള്ള അവസരം നൽകുകയാണ് ലക്ഷ്യം.
സംഭവസമയത്ത് വിന്യസിച്ച ഇലക്ട്രിക് പാരച്യൂട്ട് എയർ സ്കൂട്ടറിന്റെ വെള്ളത്തിലേക്കുള്ള ഇറക്കം മന്ദഗതിയിലാക്കാൻ സഹായിച്ചതായി സ്റ്റാർട്ടപ്പ് കമ്പനി വിശദീകരിച്ചു. കനാലിൽ നിന്ന് മുങ്ങിയ ഇലക്ട്രിക് സ്കൂട്ടർ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. "പറക്കുന്ന മനുഷ്യൻ" എന്ന് വിളിപ്പേരുള്ള ഫ്രാങ്കി സപാറ്റ, 2019 ൽ ഇംഗ്ലീഷ് കനാൽ വിജയകരമായി കടന്നിട്ടുണ്ട്. അൾട്രാലൈറ്റ് വിമാനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ യൂറോപ്പിനെ അപേക്ഷിച്ച് കർശനമല്ലാത്ത അമേരിക്കയിൽ നിന്നുള്ള നിക്ഷേപകരെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള പരീക്ഷണ പറക്കലിന്റെ ഭാഗമായിരുന്നു ഇപ്പോഴത്തെ ശ്രമം. മണിക്കൂറിൽ 62 കിലോമീറ്റർ വേഗതയിൽ ഈ എയർ സ്കൂട്ടറിന് പറക്കാൻ കഴിയും. ഇതിന്റെ ഭാരം 115 കിലോഗ്രാം. ഏകദേശം 1.73 കോടി രൂപ ചെലവിലാണ് എയർ സ്കൂട്ടറിന്റെ നിർമ്മാണം.