ത്രിവേണി മൊബൈൽ സ്റ്റോറുകൾ... ഓട്ടം നിലച്ചു, കാട്  കയറാനാണ് വിധി

Monday 28 July 2025 12:44 AM IST

കോട്ടയം : ന്യായവിലയിൽ നിത്യോപയോഗ സാധനങ്ങളും പലചരക്ക് സാധനങ്ങളും സാധാരണക്കാരിൽ എത്തിച്ചിരുന്ന സപ്ലൈകോയുടെ ത്രിവേണി മൊബൈൽ വാഹന യൂണിറ്റുകളുടെ പ്രവർത്തനം ജില്ലയിൽ നിലച്ചു. എല്ലാ നിയോജക മണ്ഡലങ്ങളിലും നേരത്തെ മൊബൈൽ യൂണിറ്റുകൾ പ്രവർത്തിച്ചിരുന്നു.

ഏറ്റുമാനൂർ, പുതുപ്പള്ളി എന്നിവിടങ്ങളിലെ യൂണിറ്റുകൾക്കാണ് അവസാനം പൂട്ടുവീണത്. കൺസ്യൂമർ ഫെഡിന്റെ ത്രിവേണി, നന്മ സ്റ്റോറുകളിലെ ഉത്പന്നങ്ങളും ഗ്രാമ പ്രദേശങ്ങളിൽ വാഹനത്തിൽ എത്തിക്കുന്ന പദ്ധതിയ്ക്ക് തുടക്കത്തിൽ വൻസ്വീകാര്യതയായിരുന്നു. ചെറിയ ഇടവഴികളിൽ പോലും പോകാവുന്ന വിധത്തിലുള്ള വാഹനങ്ങളാണ് ഉപയോഗിച്ചിരുന്നത്. കൺസ്യൂമർ ഫെഡിന്റെ കോട്ടയം പുത്തനങ്ങാടി ഗോഡൗണിന് സമീപം മൊബൈൽ യൂണിറ്റിന്റെ അഞ്ചു വാഹനങ്ങൾ നാശത്തിന്റെ വക്കിലാണ്. രണ്ട് വാഹനങ്ങൾ പനച്ചിക്കാട് കുഴിമറ്റത്തെ സ്വകാര്യവർക്ക് ഷോപ്പിൽ കിടന്ന് നശിക്കുന്നു.

മഴക്കാലത്ത് ഏറെ പ്രയോജനം മലയോര മേഖലയിലും, പടിഞ്ഞാറൻ മേഖലയിലുള്ളവർക്കും ഏറെ പ്രയോജനമായിരുന്നു മൊബൈൽ യൂണിറ്റുകൾ. നിശ്ചിത റൂട്ടുകളിൽ രണ്ടാഴ്ചയ്ക്കുള്ളിൽ സാധനങ്ങളുമായി വാഹനങ്ങൾ എത്തിയിരുന്നു. മഴക്കാലത്ത് അടക്കം ത്രിവേണിയുടെ വാഹനങ്ങൾ ഉപകാരമായിരുന്നുവെന്ന് താഴത്തങ്ങാടി, കുമരകം തുടങ്ങിയ വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശത്ത് താമസിക്കുന്നവർ പറയുന്നു.

ഫ്ലോട്ടിംഗ് സൂപ്പർ സ്റ്റോറും മുങ്ങി

തീരപ്രദേശങ്ങളിലുള്ളവർക്കായി ഫ്ലോട്ടിംഗ് ത്രിവേണി സൂപ്പർ സ്റ്റോറും പ്രവർത്തിച്ചിരുന്നു. കാഞ്ഞിരം ജെട്ടിയിൽ സംരക്ഷണം ഇല്ലാതായതോടെ ബോട്ടിൽ വെള്ളം കയറി പകുതി മുങ്ങി. അറ്റകുറ്റപ്പണിയ്ക്ക് ഒരു ലക്ഷം രൂപയായിരുന്നു എസ്റ്റിമേറ്റ്. 50 ലക്ഷം രൂപ മുടക്കി നിർമിച്ച സ്റ്റോറിന് 10,000 ചതുരശ്ര അടിയാണ് വിസ്തീർണം. പൊതുഅവധി ദിവസങ്ങൾ ഒഴികെ എല്ലാ ദിവസങ്ങളിലും ഉൾനാടൻ ജലഗതാഗത സർവീസിന്റെ മാതൃകയിൽ പ്രധാന ബോട്ട് ജെട്ടികളിൽ സൂപ്പർ സ്റ്റോർ പാർക്ക് ചെയ്തിരുന്നു.

 ''പലചരക്ക് സാധനങ്ങൾക്ക് പുറമേ പഴം, പച്ചക്കറി വില്പനയും ഉണ്ടായിരുന്നു. സഞ്ചരിക്കുന്ന ത്രിവേണി മാർക്കറ്റുകൾ വീണ്ടും പ്രവർത്തനം ആരംഭിക്കാൻ നടപടി സ്വീകരിക്കണം.

-(ഉപഭോക്താക്കൾ)

നാശത്തിന്റെ വക്കിൽ : 5 വാഹനങ്ങൾ