മൂന്നുമാസം : തകർന്നത് 465 വീടുകൾ, കാറ്റ് കശക്കിയെറിഞ്ഞു, നഷ്ടപരിഹാരവും അകലെ
കോട്ടയം : മഴയ്ക്കൊപ്പം അപ്രതീക്ഷിതമായ ചുഴലിക്കാറ്റിൽ വീടുകൾ തകരുമ്പോൾ നഷ്ടംപരിഹാരം പോലും കിട്ടാതെ വലയുകയാണ് ഉടമസ്ഥർ. മൂന്ന് മാസത്തിനിടെ ജില്ലയിൽ തകർന്നത് 465 വീടുകളാണ്. ഇതിൽ 240 വീടുകളിലും കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കുള്ളിലുണ്ടായ കാറ്റിൽ തകർന്നതാണ്. മേയിലാണ് കാലവർഷത്തിനൊപ്പം കനത്തകാറ്റും വീശിത്തുടങ്ങിയത്. ആ മാസം 225 വീടുകൾ തകർന്നു. ഈ മാസം 25 ന് കോട്ടയത്ത് 52 കിലോമീറ്റർ വേഗതയിലാണ് കാറ്റു വീശിയതെന്നാണ് കാലവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ കണ്ടെത്തൽ. അന്ന് മാത്രം 172 വീടുകളാണ് തകർന്നത്. പിറ്റേന്നുണ്ടായ കാറ്റിലും 68 വീടുകൾ തകർന്നു. കാഞ്ഞിരപ്പള്ളിയിൽ മാത്രം ഒരു വീടും തകർന്നില്ല. കെ.എസ്.ഇ.ബിക്ക് 10.93 കോടിയുടെ നഷ്ടമാണുണ്ടായത്. ലൈൻ കമ്പികൾ പൊട്ടിയം പോസ്റ്റുകൾ ഒടിഞ്ഞുമാണ് ഏറെയും. ഈ മാസം മാത്രം 2.43 കോടിയുടെ നഷ്ടം.
കണക്കെടുപ്പ് പൂർത്തിയായി, പക്ഷേ...
മേയിലെ നാശത്തിന്റെ കണക്കെടുപ്പ് പൂർത്തിയാക്കിയെങ്കിലും ഒരാൾക്ക് പോലും നഷ്ടപരിഹാരം നൽകിയില്ല.
അപ്രതീക്ഷിതമായുണ്ടായ നഷ്ടത്തിന്റെ പകപ്പിനിടയിലും കടംവാങ്ങിയും സുമനസുകളുടെ കാരുണ്യത്തിലുമാണ് പലരും പിടിച്ചു നിന്നത്. പതിനായിരം രൂപ മുതലാണ് നഷ്ടപരിഹാരം ലഭിക്കാനുള്ളത്. വീടിന്റെ പഴക്കം, തകർച്ച എന്നിവ പരിഗണിച്ചാണ് തുക കണക്കാക്കുന്നത്.
കഴിഞ്ഞ ദിവസം തകർന്നത് 68
മീനച്ചിൽ 22
കോട്ടയം 20
വൈക്കം: 7
ചങ്ങനാശേരി 19
നിലംപൊത്തി, ഇനിയെങ്ങോട്ട് ? കുറിച്ചി പുത്തൻകോളനി കുഞ്ഞൻകവല ശോഭാ ഷാജിയുടെ വീട് കനത്തമഴയിൽ ഇടിഞ്ഞുവീണു. ശനിയാഴ്ച രാത്രി ഒൻപതോടെയാണ് സംഭവം. ആറുപേരാണ് ഇവിടെ താമസിച്ചിരുന്നത്. അപകടസമയം ആരും വീട്ടിലില്ലാത്തതിനാൽ വൻഅപകടം ഒഴിവായി. വീടിന്റെ കാലപ്പഴക്കത്തെ തുടർന്ന് പഞ്ചായത്തിൽ ഉൾപ്പെടെ അറ്റകുറ്റപ്പണികൾക്ക് അപേക്ഷ നൽകിയിരുന്നതായി കുടുംബാംഗങ്ങൾ പറയുന്നു.