മുത്തുവേൽ പാണ്ഡ്യൻ വീണ്ടും അട്ടപ്പാടിയിൽ, മാത്യു ആകാൻ മോഹൻലാൽ എത്തുന്നു
രജനികാന്ത് നായകനായി നെൽസൻ സംവിധാനം ചെയ്യുന്ന ജയിലർ 2 തുടർ ചിത്രീകരണം വീണ്ടും അട്ടപ്പാടിയിൽ. രജനികാന്ത് ഉൾപ്പെടുന്ന താരങ്ങൾ ചിത്രീകരണത്തിന് എത്തും. സെറ്റ് വർക്ക് ജോലികൾ പുരോഗമിക്കുന്നു. ജയിലർ 2 ന്റെ ചിത്രീകരണത്തിൽ മോഹൻലാൽ ഇതുവരെ പങ്കെടുത്തിട്ടില്ല. മോഹൻലാലിന്റെ ഡേറ്റിന്റെ കാര്യത്തിൽ ഉടൻ തീരുമാനമാകും. അട്ടപ്പാടിയിലെ പുതിയ ഷെഡ്യൂളിൽ മോഹൻലാൽ പങ്കെടുക്കും എന്നാണ് വിവരം.
മാർച്ചിൽ ആയിരുന്നു ജയിലർ 2 ആദ്യഘട്ട ചിത്രീകരണം. ജയിലർ 2 ലും നൃത്തരംഗത്ത് തമന്ന ഉണ്ടാകുമെന്നാണ് സൂചന. നന്ദമുരി ബാലകൃഷ്ണയും അതിഥി വേഷത്തിൽ എത്തുന്നുണ്ട്. മലയാളി താരങ്ങളുടെ നീണ്ടനിര തന്നെ അണിനിരക്കുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീർ, സുനിൽ സുഖദ, വിനീത് തട്ടിൽ, അന്നരാജൻ തുടങ്ങിയവരുണ്ട്. സുരാജ് വെഞ്ഞാറമൂട് പ്രതിനായകനായാണ് എത്തുന്നത്. അനിരുദ്ധ് രവിചന്ദർ തന്നെയാണ് സംഗീതം നിർവഹിക്കുന്നത്. 2023 ൽ ആയിരുന്നു ജയിലർ റിലീസ് ചെയ്തത്. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 600 കോടിയിലേറെ ചിത്രം വാരി.
രമ്യ കൃഷ്ണൻ, വസന്ത്, സുനിൽ, തമന്ന, വി.ടി.വി ഗണേഷ് എന്നിവർക്കൊപ്പം മോഹൻലാലും കന്നട നടൻ ശിവരാജ് കുമാറും ബോളിവുഡ് താരം ജാക്കി ഷ്രോഫും അതിഥി വേഷങ്ങളിൽ എത്തിയിരുന്നു. വിനായകന്റെ വില്ലൻ വേഷം ആയിരുന്നു ജയിലറിന്റെ ഹൈലൈറ്റുകളിലൊന്ന്. വിജയ് കാർത്തിക് കണ്ണൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് ആർ. നിർമൽ ആയിരുന്നു.സൺ പിക് ചേഴ്സ് ആണ് നിർമ്മിച്ചത്.