ഫോട്ടോയെടുത്തത് യുവതി ആവശ്യപ്പെട്ടിട്ട്; വിവാഹ നിശ്ചയത്തിന് വസ്ത്രമെടുക്കാന്‍ പോയ 20കാരിക്ക് സംഭവിച്ചത്

Sunday 27 July 2025 8:27 PM IST

കൊല്ലം: യുവതിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം ജില്ലയിലെ കടയ്ക്കലിലാണ് കേസിനാസ്പദമായ സംഭവം. വിവാഹനിശ്ചയത്തിന് വസ്ത്രം വാങ്ങാനെത്തിയ 20കാരിയുടെ ചിത്രം എടുത്ത ശേഷം ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച മൈനാഗപ്പള്ളി സ്വദേശി അജാസ് ആണ് അറസ്റ്റിലായത്. മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിക്കാതിരിക്കാന്‍ ഒരു ലക്ഷം രൂപയാണ് അജാസ് ആവശ്യപ്പെട്ടത്.

കഴിഞ്ഞ വര്‍ഷം ജൂലായില്‍ വിവാഹ നിശ്ചയത്തിന് വസ്ത്രമെടുക്കാന്‍ എത്തിയ യുവതി ഒരു വസ്ത്രം ധരിച്ചതിന് ശേഷം കടയിലെ ജീവനക്കാരനായ അജാസിനോട് ഒരു ചിത്രം എടുത്ത് കാണിക്കാന്‍ ആവശ്യപ്പെട്ടു. അജാസ് സ്വന്തം ഫോണില്‍ ചിത്രമെടുക്കുകയും പിന്നീട് ഇത് കുട്ടിയുടെ അമ്മയ്ക്ക് മോര്‍ഫ് ചെയ്ത് കാണിച്ചുകൊടുക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു.

പണം നല്‍കിയില്ലെങ്കില്‍ ചിത്രം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് പെണ്‍കുട്ടിയുടെ അമ്മയെ വിളിച്ച് പറയുകയായിരുന്നു. പെണ്‍കുട്ടി വിവരം അറിഞ്ഞ ഉടന്‍ തന്നെ കടയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കി. അജാസിനെ തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് നിന്നാണ് പിടികൂടിയത്.

സംഭവം പൊലീസ് കേസായതോടെ ഫോണ്‍ ഉപയോഗിക്കാതിരുന്ന അജാസ് കഴിഞ്ഞ ദിവസം പഴയ സിംകാര്‍ഡ് ഒഴിവാക്കി ഫോണില്‍ പുതിയ സിം കാര്‍ഡ് ഇട്ടു. സൈബര്‍ സെല്‍ ഫോണിന്റെ ഐ.എം.ഇ.ഐ നമ്പര്‍ നോക്കി വിവരം കടയ്ക്കല്‍ പൊലീസിനെ അറിയിച്ചതോടെയാണ് അറസ്റ്റുണ്ടായത്. അജാസിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.