ഉദിയൻകുളങ്ങര എത്തിയാൽ മൂക്ക് പൊത്തണം

Monday 28 July 2025 1:18 AM IST

ഉദിയൻകുളങ്ങര: ഉദിയൻകുളങ്ങര എത്തിയാൽ ദുർഗന്ധം കാരണം മൂക്ക്

പോത്തേണ്ട ഗതികേടിലാണ്. തിരുവനന്തപുരം-കളിയിക്കാവിള ദേശീയപാതയിലൂടെ ഉദിയൻകുളങ്ങര കടന്നുപോകുന്നതിനിടയിലുള്ള ഭാഗത്താണ് പ്രശ്നം. റോഡ് മുഴുവനും കുറ്റികാട് ‌വിഴുങ്ങുകയും

അപകടങ്ങൾ തുടരുന്ന അവസ്ഥയുമാണ്. രാത്രിയായാൽ അറവ് മാലിന്യങ്ങൾ ഉൾപ്പെടെ നിക്ഷേപിക്കുന്നത് പതിവാണ്. ഇതു ഭക്ഷിക്കാനെത്തുന്ന തെരുവുനായ്ക്കൾ റോഡിന് കുറുകെ ചാടുന്നത് ടൂവീലർ യാത്രക്കാരുടെ ജീവന് ഭീഷണിയാണ്.

മണിക്കൂറിൽ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ദേശിയപാതയോരമായ ഉദിയൻകുളങ്ങരയ്ക്കും കൊറ്റാമത്തിനും ഇടയിലുള്ള കൊടുംവളവും ഇരുഭാഗത്തുനിന്ന് വന്നിറങ്ങുന്ന ഇറക്കവും വന്നുചേരുന്ന സ്ഥലമാണ് യാത്രികർക്ക് ദുരിതം സമ്മാനിക്കുന്നത്. ഒരുഭാഗത്ത് ചെങ്കൽ പഞ്ചായത്ത്, മറുഭാഗത്ത് കൊല്ലയിൽ പഞ്ചായത്ത്, ഇരു പഞ്ചായത്തുകളുടെയും അതിർത്തി പങ്കിടുന്ന ഈ പ്രദേശത്ത് മഴക്കാല ശുചീകരണം പോലും നടത്താൻ തയ്യാറാകുന്നില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു.

മാലിന്യനിക്ഷേപം പതിവ്

രാത്രിയിൽ വേണ്ടത്ര വെളിച്ചമില്ലാത്തതിനാൽ ഇവിടം ലക്ഷ്യമാക്കി മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ആരും തിരിഞ്ഞു നോക്കാൻ ഇല്ലാത്ത ഈ പ്രദേശത്ത്മത്സ്യ മാംസാവശിഷ്ടങ്ങളടക്കം ചീഞ്ഞഴുകുന്നതിനാൽ വൻ ദുർഗന്ധത്തിലും രോഗഭീതിയിലുമാണ്. ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പരാതികൾ ബന്ധപ്പെട്ടവർക്ക് അയച്ചെങ്കിലും നടപടിയുണ്ടായില്ല.

നൂറുകണക്കിന് കുടുംബങ്ങളാണ് റോഡിന്റെ ഇരുഭാഗത്തുമായി താമസിക്കുന്നത്.

തെരുവുനായ്ക്കളും

നിരവധി സ്കൂൾ കോളേജുകൾ സ്ഥിതി ചെയ്യുന്ന ധനുവച്ചപുച്ചരം പ്രദേശത്തേക്ക് കടന്നുപോകുന്നതിന് വിദ്യാർത്ഥികളുൾപ്പെടെ ആശ്രയിക്കുന്നത് ഈ പാതയെയാണ്. പകൽ സമയത്തുപോലും തെരുവുനായ്ക്കളെ ഭയന്ന് കാൽനടക്കാർക്ക് സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. അപകടങ്ങൾ തുടർക്കഥയായതിനെ തുടർന്ന് ദേശീയപാത അതോറിട്ടിയെ വിവരമറിയിച്ചെങ്കിലും നടപടിയുണ്ടാകുന്നില്ല. യാത്രക്കാരെ സംരക്ഷിക്കാൻ അടിയന്തരമായി നടപടികൾ എടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.