നാശം വിതച്ച് കാറ്റും മഴയും ,​ വിറങ്ങലിച്ച് മലയോരം

Monday 28 July 2025 12:11 AM IST
ആറളം - അയ്യൻകുന്ന് പഞ്ചായത്തുക്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന കളപ്പുര പാലം മലവെള്ളപച്ചിലിൽ തകർന്ന നിലയിൽ

11 വീടുകൾ കൂടി തകർന്നു

മരം വീണ് വിദ്യാർത്ഥിക്ക് പരിക്ക്

കളപ്പുര പാലം തകർന്നു

ഇരിട്ടി: വെള്ളി, ശനി ദിവസങ്ങളിൽ ഇടമുറിയാതെ പെയ്ത പേമാരിയിലും ഇടയ്ക്കിടെ വീശിയടിച്ച കാറ്റിലും മലയോരമേഖലയിൽ കനത്ത നാശം. വെള്ളിയാഴ്ച ഉണ്ടായ നാശനഷ്ടങ്ങൾക്ക് പിന്നാലെ ശനിയാഴ്ചയും വ്യാപക നാശനഷ്ടമാണ് മേഖലയിൽ ഉണ്ടായത്. മൂന്ന് വീടുകൾ പൂർണമായും എട്ട് വീടുകൾ ഭാഗികമായും തകർന്നു. മരം വീണ് വീടിന്റെ മേൽക്കൂര തകർന്ന് വിദ്യാർത്ഥിക്ക് പരിക്കേറ്റു. ആറളം അയ്യൻകുന്ന് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കളപ്പുര പാലം തകർന്ന് ഗതാഗതം സ്തംഭിച്ചു. ആറളം വനത്തിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ആറളം ഫാമിൽ നിന്നും 35 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. ഇവർക്കായി രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

പായം പഞ്ചായത്തിലാണ് വീടുകൾക്ക് കനത്ത നാശം ഉണ്ടായത്. മൂന്ന് വീടുകൾ പൂർണ്ണമായും നാലു വീടുകൾ ഭാഗികമായും തകർന്നു. മാടത്തിൽ - വിളമന റോഡിലെ നാലരാൻ സലീമിന്റെ വീട് പൂർണ്ണമായും തകർന്നു. വിളമന കരിവെള്ളൂരിലെ നെട്ടൂർ ജാനകിയുടെ വീടിന്റെ മുക്കാൽ ഭാഗം മണ്ണിനടിയിലായി. വീടിന്റെ പുറകുവശമുള്ള കുന്ന് 15 മീറ്ററോളം ഇടിഞ്ഞ് വീട്ടിലേക്ക് വീഴുകയായിരുന്നു. വീടിന്റെ ഒരു മുറിയും ഭിത്തിയും തകർന്നു. കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ചു. വിളമന ഹെൽത്ത് സെന്ററിന് സമീപത്തെ ചുണ്ടക്കാട്ടിൽ രാമചന്ദ്രന്റെ വീടും മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായി. വീടിന്റെ പിറകുവശത്തെ വലിയകുന്ന് വീട്ടിലേക്ക് പതിക്കുകയായിരുന്നു. വീട്ടുകാരെ ഒഴിപ്പിച്ചു. ഒരു വർഷം മുൻപ് നിർമാണം പൂർത്തിയാക്കിയതാണ് വീട്. വിളമനയിലെ കുറുവന്താനത്ത് ബിജു, ചേരിക്കൽ പ്ലാക്കൽ പവിത്രൻ എന്നിവരുടെ വീടും ഭാഗികമായി തകർന്നു.

അയ്യൻകുന്ന് വലിയപറമ്പ് കരിയിൽ തങ്കച്ചൻ പയ്യമ്പള്ളിയിലെ വീടിന്റെ മുകളിലേക്ക് കൂറ്റൻ മരം കടപുഴകി വീണു. വീടിന്റെ മേൽക്കൂര ഉൾപ്പെടെ പൂർണമായും തകർന്നു. വീട്ടിനുള്ളിൽ പിതാവിന് ഒപ്പം കിടന്നുറങ്ങുകയായിരുന്ന അഞ്ചാം ക്ലാസുകാരൻ ക്രിസ്റ്റിഫർ വിൽസന് കാലിന് ആഴത്തിലുള്ള മുറിവേറ്റു.

ആറളം- അയ്യൻകുന്ന് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കളപ്പുരപ്പാലത്തിന്റെ രണ്ട് സ്പാനുകളും ഉപരിതലവും മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. ഇതോടെ ഈ റോഡിലൂടെയുള്ള ഗതാഗതം പൂർണമായും നിലച്ചു. 10 മീറ്ററോളം അപ്പ്രോച്ച് റോഡും തകർന്നു. പാലത്തിനു സമീപത്തെ പഞ്ചായത്തിന്റെ പമ്പ് ഹൗസും പൂർണ്ണമായും തകർന്നു.

മുണ്ടയാംപറമ്പിൽ അഞ്ചു വീടുകളിൽ വെള്ളം കയറി. ആനപ്പന്തി ചെമ്പോത്തനാടി കവലയിൽ വൈദ്യുതി ലൈനിനുമുകളിൽ മരം വീണ് വൈദ്യുതി ബന്ധം തടസ്സപ്പെട്ടു.

പഴശ്ശി പാർക്കിൽ വെള്ളം കയറി

പഴശ്ശി പദ്ധതിയുടെ ഷട്ടർ ഉയർത്തിയതോടെ പാർക്കിൽ വെള്ളം കയറി.ഇരിട്ടി -തളിപ്പറമ്പ് സംസ്ഥാനപാതയിൽ കുയിലൂർ വളവിന് സമീപവും പൂവ്വത്തും മരം വീണ് ഇലക്ട്രിക് തൂണുകൾ തകർന്നു. പിടയങ്ങോട് റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. പായം റോഡിൽ കല്ലിപ്പറമ്പിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. മലയോരത്തെ പ്രധാന ടൗണുകളും ഗ്രാമമേഖലയിലും തുടർച്ചയായി രണ്ടാം ദിവസവും വൈദ്യുതി ബന്ധം തകരാറിലായി.