വികസനമില്ലാതെ ആര്യനാട് ഗവ.ആശുപത്രി

Monday 28 July 2025 1:07 AM IST

ആര്യനാട്: വികസനമില്ലാതെ ആര്യനാട് കമ്മ്യൂമിറ്റി ഹെൽത്ത് സെന്റർ ഇഴയുന്നു. വർഷങ്ങളായി ആശുപത്രി വികസനത്തിനായി പ്രദേശവാസികൾ മുറവിളി കൂട്ടുന്നുണ്ടെങ്കിലും അധികാരികൾ കണ്ടമട്ടില്ല. സ്ത്രീകളെ കിടത്തി ചികിത്സിക്കാൻ വാർ‌ഡുണ്ടെങ്കിലും പുരുഷന്മാരെ കിടത്തി ചികിത്സിക്കുന്നത് താത്കാലിക ഷെഡിലാണ്. ജീവനക്കാർക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യങ്ങളും കുറവാണ്. മലയോര മേഖലയായ ആര്യനാട്ട് രാത്രിയിൽ അത്യാഹിതം സംഭവിച്ച് ആശുപത്രിയിലെത്തുന്ന രോഗികളെ 12 കിലോമീറ്റർ അകലെയുള്ള നെടുമങ്ങാട് ജില്ലാആശുപത്രിയിലേക്ക് അയയ്ക്കുകയാണ് പതിവ്. പകൽ സമയങ്ങളിൽ ആദിവാസികളുൾപ്പടെ ദിവസവും അഞ്ഞൂറോളം പേരും രാത്രിയിൽ 200ൽപ്പരം പേരുമാണ് ചികിത്സ തേടുന്നത്.

33സെന്റ് വസ്തുവിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്. 20രോഗികളെ കിടത്തിചികിത്സിക്കാനുള്ള സൗകര്യമുണ്ട്. സമീപത്തായി ആശുപത്രി വികസനത്തിനായി വസ്തു വാങ്ങിയെങ്കിലും ഈ സ്ഥലം പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ബ്ലോക്ക് പഞ്ചായത്ത് ആശുപത്രി വികസനത്തിനായി അനുവദിച്ച 12ലക്ഷം രൂപ വിനിയോഗിച്ച് ഒരുഷെഡാണ് പണിതതെങ്കിലും ഇത് ഉപയോഗമില്ലാതെ കിടക്കുകയാണ്.

മുഴുവൻ സമയവും അത്യാഹിതവിഭാഗം ഉൾപ്പടെ പ്രവർത്തിപ്പിക്കുന്നതിന് ജീവനക്കാർ ബുദ്ധിമുട്ടുകയാണ്. ജീവനക്കാരെ അടിയന്തരമായി നിയമിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഡോക്ടർ സേവനം പരിമിതം

മെഡിക്കൽ ഓഫീസർ ഉൾപ്പടെ ഏഴ് ഡോക്ടർമാരുണ്ട്. പി.എസ്.സി വഴി മൂന്ന് ഡോക്ടർമ്മാരും എൻ.ആർ.എച്ച്.എം വഴി മൂന്ന് പേരും പഞ്ചായത്ത് ലഭ്യമാക്കിയ ഒരു ഡോക്ടറുമാണിപ്പോൾ സേവനത്തിനായുള്ളത്.എന്നാൽ മുൻപുണ്ടായിരുന്ന ഹൗസ് സർജന്മാരുടെ സേവനം ലഭിക്കുന്നില്ല.ദിവസവും മെഡിക്കൽ ഓഫീസർക്ക് മീറ്റിംഗും ഓഫീസ് കാര്യങ്ങളുമായി പോകേണ്ടിവരുന്നതിനാൽ ഒ.പിയിൽ ഡ്യൂട്ടി ചെയ്യാൻ കഴിയാത്ത സ്ഥിതിയുണ്ടാകും. ഇതുകാരണം പലപ്പോഴും രോഗികൾക്ക് ഡോക്ടറെ കാണാൻ മണിക്കൂറുകളോളം ക്യൂവിൽ കാത്തുനിൽക്കേണ്ടിവരുന്നുണ്ട്.

നികത്താത്ത ഒഴിവുകളേറെ

തൊളിക്കോട്,ആര്യനാട്, കുറ്റിച്ചൽ, ഉഴമലയ്ക്കൽ പഞ്ചായത്തുകളിലുള്ള നിർധനരാണ് ചികിത്സക്കായി ആര്യനാട് ആശുപത്രിയെ ആശ്രയിക്കുന്നത്. അഞ്ച് സ്റ്റാഫ്‌നഴ്‌സിന്റെ തസ്തിക ഉള്ളിടത്ത് ഒരാൾ മാത്രം. എൻ.എച്ച്.എം നിന്ന് ലഭിച്ച നാല് നഴ്‌സും ഒരു നഴ്‌സിംഗ് അസിസ്റ്റന്റും സഹായത്തിനുണ്ട്. നഴ്‌സിംഗ് അസി.ഗ്രേഡ് വണിന്റെ ഒഴിവും, ആശുപത്രി അറ്റന്റർ ഗ്രേഡ് വണിന്റെയും പാർട്ട് ടൈം സ്വീപ്പറിന്റെയും ഒഴിവുകൾ ഇതേവരെ നികത്തിയിട്ടില്ല.

സ്വീപ്പർ പോസ്റ്റിലേക്ക് എച്ച്.എം.സി ഒരാളെ നിയമിച്ചിട്ടുണ്ട്. ഹെൽത്ത് ഇൻസ്പെക്ടറും പബ്ലിക്ക് ഹെൽത്ത് നെഴ്സും ഇല്ല. പി.ടി.എസ് ഒരാളെ നിയമിക്കുമെങ്കിലും ആളില്ല.സ്ഥിരമായ ഒരു ഫാർമസിസ്റ്റും പഞ്ചായത്തുവഴി നിയമിച്ച ഒരാളുമാണ് ആശുപത്രിയിലുള്ളത്.

മാലിന്യസംസ്‌കരണ സംവിധാനമില്ല

ആശുപത്രിയിലെ മാലിന്യസംസ്‌കരണത്തിന് പ്രത്യേക സംവിധാനമില്ല. ആശുപത്രിക്കായി സമീപത്ത് വാങ്ങിയ അഞ്ച് സെന്റ് സ്ഥലത്ത് കൂട്ടിയിട്ട് കത്തിക്കുകയാണ് പതിവ്. ആശുപത്രിയുടെ വികസനത്തിനായി ആനന്ദേശ്വരത്ത് വാങ്ങിയിട്ട വസ്തുവും വെറുതേ കിടക്കുകയാണ്. സി.എച്ച്.സി എന്നാണ് പേരെങ്കിലും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ തസ്തികയിലെ ജീവനക്കാരാണ് ഇപ്പോഴും ഇവിടെയുള്ളതെന്നും ആക്ഷേപമുണ്ട്.