പിറവത്ത് മദ്യപിച്ച് കൂട്ടയടി, രണ്ട് പേർക്ക് പരിക്കേറ്റു

Monday 28 July 2025 12:45 AM IST

പിറവം: പിറവം പഴയ പമ്പിന് താഴെ വീട്ടിൽ മദ്യപിച്ചിരുന്നവർ തമ്മിലുണ്ടായ സംഘട്ടനത്തിൽ രണ്ടു പേർക്ക് സാരമായി പരിക്കേറ്റു. വാക്കത്തി കൊണ്ടുള്ള വെട്ടേറ്റ യുവാവിന് തലയിൽ 11 സ്റ്റിച്ചുണ്ട്. പ്ലാക്കാട്ടുകുഴിയിൽ സുമീഷ് (28) നാണ് വെട്ടേറ്റത്. തുടർന്നുണ്ടായ ആക്രമണത്തിൽ പ്ലാവടയിൽ സജീവിന് (47)പരിക്കേറ്റു. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. ഇരുവരും വീട്ടുടമയുടെ പരിചയക്കാരും സുഹൃത്തുക്കളുമാണ്. പഴയ വൈരാഗ്യമാണ് സംഘർഷത്തിന് കാരണം. പരിക്കേറ്റ സുമീഷ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി മുറിവുകൾ തുന്നിക്കെട്ടിയ ശേഷം സുഹൃത്തുക്കളുമായെത്തി തന്നെ വെട്ടിയ സജീവിനെ ആക്രമിക്കുകയായിരുന്നു. ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തു.