സാഫിന്റെ തണലിൽ 269 കുടുംബങ്ങൾ
കണ്ണൂർ: ഫിഷറീസ് വകുപ്പിന്റെ ''സാഫ്'' (സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൺ) പദ്ധതിയിലൂടെ സംരംഭക മേഖലയിലേക്ക് ചുവടുവച്ച് മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകൾ. പദ്ധതിയിലൂടെ സംരംഭക മേഖലയിലേക്ക് കടന്നത് ജില്ലയിലെ 269 കുടുംബങ്ങൾ.
മത്സ്യത്തൊഴിലാളി കുടുംബത്തിലെ സ്ത്രീകളെ മുഖ്യധാരയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തനം തുടങ്ങിയ സാഫ് ചെറുകിട സംരംഭങ്ങളും സ്ഥാപനങ്ങളും തുടങ്ങാനാണ് സ്ത്രീകളെ സഹായിക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലയിൽ 98 യൂനിറ്റുകൾ പ്രവർത്തനം തുടങ്ങി. രണ്ടുമുതൽ അഞ്ചുവരെ പേരടങ്ങുന്ന മത്സ്യത്തൊഴിലാളി വനിതകളുടെ സംഘമായാണ് യൂനിറ്റുകൾ പ്രവർത്തിക്കുന്നത്. ടെയ്ലറിംഗ് ആൻഡ് ഗാർമെന്റ്സ് വിഭാഗത്തിൽ 28 ഗ്രൂപ്പുകളും ഫിഷ് ആൻഡ് ഫിഷ് പ്രോസസിംഗ് വിഭാഗത്തിൽ 13 ഗ്രൂപ്പുകളും ഹോട്ടൽ ആൻഡ് കാറ്ററിംഗ് വിഭാഗത്തിൽ 15 ഗ്രൂപ്പുകളും സർവിസസ് ആൻഡ് അദേഴ്സ് വിഭാഗത്തിൽ ഒൻപത് ഗ്രൂപ്പുകളും സൂപ്പർ മാർക്കറ്റ് ആൻഡ് റീട്ടെയിൽ വിഭാഗത്തിൽ ആറ് ഗ്രൂപ്പുകളുമാണ് പ്രവർത്തിക്കുന്നത്.
ഫ്രഷ് മീൻ, റെഡി ടു കുക്ക് ഫിഷ് ഐറ്റംസ്, പലഹാരങ്ങൾ, മധുര പലഹാരങ്ങൾ, ഉണക്ക മത്സ്യം, ചെമ്മീൻ, അച്ചാർ, റെഡിമെയ്ഡ് തുണിത്തരങ്ങൾ, സോപ്പുകൾ മുതലായവ ജില്ലയിലെ സാഫ് സംരംഭകർ നിർമ്മിക്കുന്നുണ്ട്. യൂനിറ്റിലെ ഓരോ അംഗത്തിനും ഒരുലക്ഷം രൂപ വീതമാണ് ഗ്രാന്റ് അനുവദിക്കുക. പദ്ധതിത്തുകയുടെ 75 ശതമാനം സാഫിൽനിന്ന് സബ്സിഡി നൽകും. ബാക്കി അഞ്ച് ശതമാനം ഗുണഭോക്തൃവിഹിതവും 20 ശതമാനം ബാങ്ക് വായ്പയുമാണ്. സംരംഭത്തിനാവശ്യമായ തുടർസഹായങ്ങളും ലഭ്യമാക്കുന്നുണ്ട്. ഒരുലക്ഷം രൂപവരെ പലിശരഹിത വായ്പ, പുതിയ ഉപകരണങ്ങൾ വാങ്ങാൻ അരലക്ഷം രൂപവരെ സബ്സിഡി തുടങ്ങിയവയുമുണ്ട്.
സംരംഭം അഭിരുചിക്കനുസരിച്ച്
കണ്ണൂർ കോർപറേഷൻ, തലശേരി, പയ്യന്നൂർ നഗരസഭകൾ, രാമന്തളി, മാടായി, മാട്ടൂൽ, അഴീക്കോട്, മുഴപ്പിലങ്ങാട്, ധർമടം, ന്യൂമാഹി പഞ്ചായത്തുകളിലാണ് പദ്ധതി ആരംഭിച്ചത്. മത്സ്യത്തൊഴിലാളി സ്ത്രീകളുൾപ്പെടുന്ന ഗ്രൂപ്പിന് പ്രാദേശികമായ പ്രത്യേകതകൾക്കനുസരിച്ചും അഭിരുചിക്കനുസരിച്ചും സംരംഭം തുടങ്ങാൻ സാധിക്കുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. മാസച്ചന്തകളും നടത്താറുണ്ട്. മേളകളിലും പ്രദർശനങ്ങളിലും ഇവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നു.