ജീവിത ചക്രം തിരിക്കാൻ 'പെഡൽ ചവിട്ടി' സൈക്കിൾ സുധാകരൻ

Monday 28 July 2025 12:11 AM IST
സൈക്കിൾ റിപ്പയറിംഗിൽ ഏർപ്പെട്ട സുധാകരൻ

40 വർഷം പിന്നിട്ട് സുധാകരന്റെ സൈക്കിൾ റിപ്പയറിംഗ്

കണ്ണാടിപ്പറമ്പ്: ജീവിത ചക്രം തിരിക്കാൻ നാൽപത്ത് വർഷമായി സൈക്കിൾ റിപ്പയറിംഗ് നടത്തുകയാണ് കണ്ണാടിപ്പറമ്പ് പാർവതി വസ്ത്രാലയത്തിന് സമീപത്തെ സൈക്കിൾ സുധാകരൻ. 1986ൽ തുടങ്ങി ഇന്നും സൈക്കിൾ റിപ്പയറിംഗിലൂടെ ഉപജീവനം കണ്ടെത്തുകയാണ് ഈ എഴുപത്തിമൂന്നുകാരൻ. ആദ്യം ബീഡി തൊഴിലാളിയായിരുന്ന സുധാകരൻ ബീഡി വ്യവസായം നിർത്തിയതോടെയാണ് സൈക്കിൾ കട തുടങ്ങിയത്.

വർഷങ്ങൾക്ക് മുൻപ് മണിക്കൂർ അടിസ്ഥാനത്തിൽ സൈക്കിൾ വാടകയ്ക്ക് നൽകുന്ന ഒരു കാലമുണ്ടായിരുന്നു. മണിക്കൂറിന് ഒരു രൂപ മുതൽ അഞ്ച് രൂപ വരെ വാടകയ്ക്ക് മുതിർന്നവരും കുട്ടികളും സൈക്കിൾ ഉപയോഗിച്ചിരുന്ന കാലം. കാൽ, അര, മുക്കാൽ എന്നിങ്ങനെ വലിപ്പത്തിനനുസരിച്ച് സൈക്കിളുകളെ തരംതിരിച്ച് വാടകയ്ക്ക് നൽകിയ കാലം സുധാകരൻ ഇന്നും ഓർക്കുന്നു.

കാലം മാറിയതോടെ കുട്ടികൾക്ക് സൈക്കിളിനോടുള്ള പ്രിയം കുറഞ്ഞു. അവർ മൊബെൽ ഫോണിന്റെയും ടി.വിയുടെയും പിറകെ പോയതോടെ സൈക്കിൾ യാത്രയും നിശ്ചലമായി.

ഇരു ചക്ര വാഹനകളുടെയും ഇലക്ട്രിക് മോട്ടോർ വാഹനങ്ങളുടെയും കടന്നുവരവോടെ സൈക്കിൾ യാത്ര നിശ്ചലമായ കാലഘട്ടത്തിൽ നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ് സുധാകരൻ.

മൂന്നോളം സൈക്കിൾ റിപ്പയറിംഗ് കട ഉണ്ടായിരുന്ന പ്രദേശത്ത് ഇന്ന് ഇതു മാത്രമാണ് നിലനിൽക്കുന്നത്. വിരലിൽ എണ്ണാവുന്ന മത്സ്യ വിൽപ്പനക്കാരുടെയും പാൽ വിൽപ്പനക്കാരുടെയും സൈക്കിളുകൾ മാത്രമാണ് നിലവിൽ റിപ്പറിംഗിന് എത്തുന്നത്. അത്യാവശ്യം കുട്ടി ഫാൻസി സൈക്കിളുകളും. വരുമാനം കുറവാണെങ്കിലും രാവിലെ മുതൽ വൈകുന്നേരം വരെ സുധാകരൻ കട തുറന്നിരിക്കും. ഭാര്യ: സരസ്വതി. മക്കൾ: സുജേഷ്, സിൻഷ.

സൈക്കിൾ യാത്ര ആരോഗ്യത്തിന് നല്ലതാണെന്ന് പറയുന്നുണ്ടെങ്കിലും ആധുനിക തലമുറ ഇത് വേണ്ടവിധം ഉൾക്കൊണ്ടിട്ടില്ല.

മഴക്കാലമായതോടെ നൂറ് രൂപയുടെ വരുമാനം പോലുമില്ലാതെ കട വാടക എങ്ങനെ നൽകുമെന്ന് ആശങ്കയുണ്ട്. അന്യമായി കൊണ്ടിരിക്കുന്ന സൈക്കിൾ യാത്രയുടെ കാലത്ത് ഇനി എത്ര കാലം മുന്നോട്ടു പോകാനാകുമെന്ന് പറയാനാകില്ല.

സൈക്കിൾ സുധാകരൻ