ചെന്നിത്തലയിൽ സ്കൂളിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണു

Monday 28 July 2025 1:10 AM IST

ചെന്നിത്തല: ശക്തമായ മഴയിൽ സ്കൂളിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണു. ചെന്നിത്തല - തൃപ്പെരുന്തുറ പഞ്ചായത്ത് 13-ാം വാർഡ് വെട്ടത്തുവിള ഗവ.എൽ.പി സ്കൂളിന്റെ വടക്കുഭാഗത്ത് ചെന്നിത്തല വെട്ടത്തുവിള കമ്മ്യൂണിറ്റി ഹാൾ റോഡിനോട് ചേർന്നുള്ള ചുറ്റുമതിലാണ് ഇന്നലെ രാവിലെ 7 മണിയോടെ തകർന്നത്. മതിൽ പൂർണ്ണമായും റോഡിലേക്ക് നിലംപതിച്ചു. ഞായറാഴ്ചയായതിനാൽ വിദ്യാർത്ഥികൾ ഇല്ലാതിരുന്നതും അതിരാവിലെ റോഡിൽ യാത്രക്കാർ ഇല്ലാതിരുന്നതും വൻ ദുരന്തം ഒഴിവാക്കി. കാലപ്പഴക്കം ചെന്ന മതിലിന്റെ അടിത്തറയ്ക്ക് കാര്യമായ ബലമുണ്ടായിരുന്നില്ല. 40 വർഷത്തിന് മുകളിൽ പഴക്കമുള്ള റോഡിനോട് ചേർന്നു നിൽക്കുന്ന മതിലിന് ഉയരം കുറവായതിനാലും സ്കൂൾ അവധി ദിനങ്ങളിൽ പുറത്തുനിന്നുളളവർ മതിൽചാടി സ്കൂൾ പരിസരത്ത് കയറുന്നത് തടയുന്നതിനായും ഏതാനും വർഷങ്ങൾക്ക് മുമ്പ് പഴയ മതിലിന് മുകളിൽ നാലുവരിയിൽ പുതിയ സിമന്റ് ഇഷ്ടിക ഉപയോഗിച്ച് ഉയരം കൂട്ടിയിരുന്നു. ദുർബലമായ അടിത്തറയും പുതിയ സിമന്റ് ഇഷ്ടികയുടെ ഭാരം താങ്ങാൻ കഴിയാത്തതും ശക്തമായ മഴയും മതിലിന്റെ തകർച്ചക്ക് കാരണമായി.

സുരക്ഷയില്ലാത്ത കിണറും

വാട്ടർടാങ്ക് സ്റ്റാൻഡും

ചെന്നിത്തല വെട്ടത്തുവിള ഗവ.എൽ.പി സ്കൂളിന്റെ മുറ്റത്ത് സ്ഥിതി ചെയ്യുന്ന കിണറിന്റെ ഇരുമ്പ് മേൽമൂടിയും വാട്ടർ ടാങ്ക് സ്ഥാപിച്ചിരിക്കുന്ന സ്റ്റാൻഡും അപകടാവസ്ഥയിലാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ചെറിയ കുട്ടികൾ ഓടിക്കളിക്കുന്ന സ്കൂൾ മുറ്റത്തെ കിണറിന്റെ ഇരുമ്പ് മേൽ മൂടി തുരുമ്പെടുത്ത് ദ്രവിച്ച് അപകടാവസ്ഥയിലാണ്. തുരുമ്പെടുത്ത് ദ്രവിച്ച ഭാഗത്ത് മെടഞ്ഞ ഓല കൊണ്ട് മറച്ചു വച്ചിരിക്കുകയാണ്. ഇതോടൊപ്പം വാട്ടർ ടാങ്ക് ഉറപ്പിച്ചിരിക്കുന്ന കനം കുറഞ്ഞ ഇരുമ്പ് കമ്പിയിൽ നിർമ്മിച്ച സ്റ്റാൻഡും അപകടാവസ്ഥയിലാണ്. ഇതിനുളള പരിഹാരങ്ങളും അടിയന്തിരമായി ചെയ്യണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. സ്കൂളിന്റെ സുരക്ഷക്കാവശ്യമായ നടപടികൾ കൈക്കൊളുന്നതിന് പഞ്ചായത്തിൽ ഇന്ന് അടിയന്തര യോഗം ചേരുമെന്ന് വാർഡ് അംഗം ജി. ജയദേവ് പറഞ്ഞു.