പീച്ചി ഡാം തുറന്നുണ്ടായ മനുഷ്യ നിർമ്മിത പ്രളയത്തിന് ഒരാണ്ട്, വീഴ്ചയിൽ നടപടിയില്ല
തൃശൂർ: തോരാമഴയിൽ ഡാമുകൾ നിറഞ്ഞ് വീണ്ടും പ്രളയഭീതി ശക്തമാകുമ്പോഴും ഒരാണ്ട് പിന്നിട്ട പീച്ചി ഡാം മാനേജ്മെന്റിലെ ഉദ്യോഗസ്ഥരുടെ ഗുരുതര വീഴ്ചയ്ക്ക് നടപടിയായില്ല. പീച്ചി അണക്കെട്ടിലെ നാല് ഷട്ടറുകളും മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടു പ്രളയസമാനമായ അവസ്ഥയുണ്ടായ സംഭവത്തിൽ ജില്ലാ കളക്ടറുടെ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരുന്നു. നൂറുകണക്കിന് ജനങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരവും നൽകിയിട്ടില്ല. ജില്ലയിൽ 19 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കളക്ടറുടെ റിപ്പോർട്ട്. വീടൊന്നിന് 5000രൂപ മാത്രമാണ് ഇതുവരെ അനുവദിച്ചിട്ടുള്ളത്. ഇതും ഭാഗികമായാണ് വിതരണം ചെയ്തത്. പാണഞ്ചേരി വില്ലേജിൽ 189 വീടുകൾക്കും പീച്ചി വില്ലേജിൽ 69 വീടുകൾക്കും മാത്രമാണ് തുക നൽകിയിട്ടുള്ളത്.
കേസുകളേറെ
മനുഷ്യ നിർമ്മിത പ്രളയത്തിൽ ജനങ്ങൾക്ക് ഉണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകാനും ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടും കെ.പി.സി.സി സെക്രട്ടറി അഡ്വ.ഷാജി ജെ കോടങ്കണ്ടത്ത് ഹൈക്കോടതിയിലും ഓംബുഡ്സ്മാനിലും കേസുകൾ സമർപ്പിച്ചിരുന്നു. മുഖ്യമന്ത്രിക്കും പരാതികൾ നൽകി. പരാതിയെ തുടർന്ന് ജില്ലാ കളക്ടറുടെയും പീച്ചി സ്റ്റേഷൻ ഹൗസ് ഓഫീസറുടെയും അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പീച്ചി ഡാം നിയന്ത്രിച്ചിരുന്ന ഇറിഗേഷൻ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പ്രളയത്തിന് കാരണമെന്ന് വ്യക്തമായിരുന്നു. സബ് കളക്ടറുടെയും പീച്ചി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറുടേയും റിപ്പോർട്ടിൽ ഇറിഗേഷൻ ഉദ്യോഗസ്ഥർ റൂൾ കർവ് പാലിക്കാത്തതിലുണ്ടായ വീഴ്ചയാണ് പ്രളയത്തിന് കാരണമായതെന്ന് വ്യക്തമായിരുന്നു.
മുങ്ങിനശിച്ച് വീടുകൾ
(വിവരാവകാശനിയമപ്രകാരം ലഭിച്ച കണക്കുകൾ)
- തൃശൂർ താലൂക്കിൽ വെള്ളം കയറി നാശനഷ്ടങ്ങൾ സംഭവിച്ച വീടുകൾ: 5486
- കൈന്നൂർ വില്ലേജിലെ വീടുകൾ: 355
- മരത്താക്കര വില്ലേജിലെ വീടുകൾ: 299
- കൊഴുക്കുള്ളി വില്ലേജിലെ വീടുകൾ: 297
- ആമ്പല്ലൂർ വില്ലേജിലെ വീടുകൾ: 228
- പീച്ചി വില്ലേജിൽ വീടുകൾ: 103
- നടത്തറ വില്ലേജിലെ വീടുകൾ: 170
- പുത്തൂർ വില്ലേജിലെ വീടുകൾ: 35
- ചെമ്പൂക്കാവ് വില്ലേജിലെ വീടുകൾ: 15