കാലവർഷം: ജില്ലയിൽ കൃഷിനാശം 2.10 കോടി
ആലപ്പുഴ : കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയിലുൾപ്പെടെ കാലവർഷക്കെടുതികളിലാകമാനം ജില്ലയിൽ 2.10 കോടി രൂപയുടെ കൃഷിനാശമുണ്ടായി. ഓണവിപണി ലക്ഷ്യമിട്ടുള്ള പച്ചക്കറി കൃഷിയും പൂക്കൃഷിയുമുൾപ്പെടെ വെള്ളത്തിലായതോടെ കർഷകർ കടുത്ത ദുരിതത്തിലായി.
ഇടതടവില്ലാത്ത മഴയിൽ വെള്ളപ്പൊക്കത്തിന്റെ തീവ്രത കൂടുന്നത് വാഴ, മരച്ചീനി, ചേന, ചേമ്പ്, തെങ്ങ്, മറ്റ് ഇടവിളകൾ തുടങ്ങിയ കരകൃഷികൾക്കും ഭീഷണിയായി. പെയ്ത്തുവെള്ളത്തിന് പുറമേ കിഴക്കൻ പ്രദേശങ്ങളിൽ നിന്നുള്ള വെള്ളത്തിന്റെ വരവിൽ ആറുകളിലും നദികളിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നത് വ്യാപക കൃഷി നാശത്തിനിടയാക്കി.
പമ്പ , അച്ചൻകോവിൽ ആറുകളിൽ വെള്ളമുയർന്നത് വെൺമണി, കൊല്ലകടവ്, തഴക്കര, മാവേലിക്കര,മാന്നാർ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കൃഷിയെ കാര്യമായി ബാധിച്ചു. പച്ചക്കറി കൃഷി വ്യാപകമായുള്ള താമരക്കുളം, വള്ളികുന്നം, നൂറനാട്, കഞ്ഞിക്കുഴി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും ഏക്കറുകണക്കിന് കൃഷി സ്ഥലങ്ങൾ വെള്ളത്തിലകപ്പെട്ടു. ഓണവിപണി ലക്ഷ്യമിട്ടുള്ള വാഴകൃഷിയും വ്യാപകമായി നശിച്ചു. ജില്ലയിലെ 9 ബ്ളോക്ക് പഞ്ചായത്ത് പരിധികളിലെ കൃഷി ഭവനുകളിൽ നിന്നുള്ള കണക്ക് അനുസരിച്ച് 2.10 കോടിയുടെ കൃഷിനാശമാണ് കണക്കാക്കപ്പെട്ടിട്ടുള്ളതെങ്കിലും നാശനഷ്ടങ്ങൾ ഇനിയും കൂടുമെന്നാണ് വിവരം. മഴ ഇനിയും തുടർന്നാൽ വെള്ളക്കെട്ടിലകപ്പെട്ടിരിക്കുന്ന പച്ചക്കറികളും ഓണപ്പൂക്കൃഷിയുമുൾപ്പെടെ വരും ദിവസങ്ങളിൽ അഴുകിപ്പോകാനാണ് സാദ്ധ്യത.
കൃഷി നാശക്കണക്ക്
ബ്ളോക്ക് , ഭൂവിസ്തൃതി (ഹെക്ടറിൽ), കർഷകർ ,നഷ്ടം( ലക്ഷത്തിൽ) എന്ന ക്രമത്തിൽ
അമ്പലപ്പുഴ.........25.80 .......16....... ₹37.86
ചാരുംമൂട്.............2.90 ........97........ ₹7.82
ചെങ്ങന്നൂർ........10.56 ..........315....... ₹52.88
ചേർത്തല...........37.84 ..........142....... ₹56.10
ഹരിപ്പാട്................6.20 ........102........ ₹26.35
കായംകുളം.........17,71 .......373........ ₹17.83
കുത്തിയതോട്.....4.60 .......144.......... ₹7.41
പാണാവള്ളി..........10.20 ...........43........... ₹2.41
രാമങ്കരി.................2.52 .........24........... ₹1.89
ആകെ................118.33.................1256........ ₹210.55
നിലവിൽ ലഭ്യമായ കണക്ക് പ്രകാരം 2.10.55 ലക്ഷം രൂപയുടെ നാശനഷ്ടമാണുള്ളത്. മഴ തുടർന്നാൽ നാശ നഷ്ടത്തിന്റെ തോത് ഇനിയും കൂടും
- ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസ്, ആലപ്പുഴ