ഉദ്ഘാടനം കഴിഞ്ഞ് ഒമ്പത് മാസം, തുറക്കാതെ വനിതാട്രാൻസിറ്റ് ഹോം
ആലപ്പുഴ: ജീവനക്കാരുടെ നിയമനം പൂർത്തിയാകാത്തതുൾപ്പടെ പ്രതിസന്ധികളിൽ കുടുങ്ങി സാമൂഹികനീതി വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ ഏക വനിതാ ട്രാൻസിറ്റ് ഹോം. വിവിധ കേസുകളിൽപ്പെടുന്ന വിദേശ വനിതകളെയും കുട്ടികളെയും പാർപ്പിക്കുന്നതിനായി ആലപ്പുഴ വലിയകുളത്താരംഭിച്ച ട്രാൻസിറ്റ് ഹോമാണ് ഉദ്ഘാടനം കഴിഞ്ഞ് ഒമ്പത് മാസം പിന്നിട്ടിട്ടും പ്രവർത്തനം ആരംഭിക്കാത്തത്. ഡെപ്യുട്ടേഷനിൽ പൊലീസ് ഉദ്യോഗസ്ഥരെയും കരാർ അടിസ്ഥാനത്തിൽ ക്ലർക്ക്, കെയർ ടേക്കർ, ദിവസവേതനാടിസ്ഥാനത്തിൽ കുക്ക് അടക്കമുള്ള ജീവനക്കാരെയും നിയമിക്കാത്തതാണ് പ്രവർത്തന തടസ്സം. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതും പാസ്‌പോർട്ട്, വിസ കാലാവധിക്ക് ശേഷവും രാജ്യത്ത് നിയമാനുസൃതമല്ലാതെ തുടരുന്നതും മറ്റുവിധത്തിൽ സംരക്ഷണം ആവശ്യപ്പെടുന്നവരുമായ വിദേശ വനിതകളെ നിലവിൽ ഗാന്ധിഭവൻ പോലുള്ള സംരക്ഷണ കേന്ദ്രങ്ങളിലാണ് പാർപ്പിച്ചിരിക്കുന്നത്. വിവിധ കേസുകളിൽപ്പെട്ട് ജാമ്യം ലഭിച്ച ശേഷവും ഇത്തരക്കാർക്ക് ജയിലിൽ കഴിയേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനാണ് ട്രാൻസിറ്റ് ഹോം അഥവ തടങ്കൽ കേന്ദ്രം തുടങ്ങണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചത്. വിദേശ പുരുഷന്മാർക്കായി 2022 മുതൽ കൊല്ലത്തെ കൊട്ടിയത്ത് ട്രാൻസിറ്റ് ഹോം പ്രവർത്തിക്കുന്നുണ്ട്.
ആലപ്പുഴ വലിയകുളത്തെ ശിശുവികലാംഗ സംരക്ഷണ സദനമാണ് ട്രാൻസിറ്റ് ഹോമായി മാറ്റിയത്. 10 ലക്ഷം രൂപ സാമൂഹ്യനീതി ഡയറക്ടർ അനുവദിക്കുകയും നിർമ്മിതി കേന്ദ്രം നവീകരണം പൂർത്തിയാക്കുകയുമായിരുന്നു. കെയർ ഹോമിലുണ്ടായിരുന്ന പാചകക്കാരി ഒഴികെയുള്ള സ്ഥിരം ജീവനക്കാരെ ഇതര സ്ഥാപനങ്ങളിലേക്ക് ഡെപ്യുട്ടേഷനിൽ നിയമിച്ചു. നിലവിൽ കെട്ടിടത്തിൽ പാചകക്കാരി മാത്രമാണുള്ളത്. ജില്ലാ പ്രൊബേഷൻ ഓഫീസർക്കാണ് മാനേജരുടെ ചുമതല. ജില്ലാ മജിസ്‌ട്രേറ്റ് അദ്ധ്യക്ഷനായ എട്ട് അംഗങ്ങളുള്ള മൂല്യനിർണ്ണയ കമ്മിറ്റിയാണ് ട്രാൻസിറ്റ് ഹോമിന്റെ പ്രവർത്തനവും നടത്തിപ്പും വിലയിരുത്തുക. പത്ത് ബെഡ് അടക്കമുള്ള സൗകര്യങ്ങളാണ് കെട്ടിടത്തിലുള്ളത്.
ആവശ്യമുള്ള ജീവനക്കാർ
ഹോം മാനേജർ, സെക്യുരിറ്റി ചീഫ്, സെക്യുരിറ്റി പേഴ്സണൽ, ക്ലാർക്ക്, കെയർ ടേക്കർ, കുക്ക്, സ്വീപ്പർ, ഗേറ്റ് കീപ്പർ
ജീവനക്കാരുടെ നിയമനം പൂർത്തിയാകുന്നതോടെ ട്രാൻസിറ്റ് ഹോമിന്റെ പ്രവർത്തനം ആരംഭിക്കാനാകും
- മാനേജരുടെ ചുമതലയുള്ള ജില്ലാ പ്രൊബേഷൻ ഓഫീസർ