കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് മനുഷ്യത്വരഹിതം: സി.പി.ഐ

Monday 28 July 2025 12:00 AM IST

തൃശൂർ: ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് 2 മലയാളി കന്യാസ്ത്രീകളെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്ത നടപടി മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ. സംഘപരിവാർ സംഘടനകളുടെ സമ്മർദത്തെത്തുടർന്ന് കെട്ടിച്ചമച്ച കേസാണെന്ന് പ്രഥമദൃഷ്ട്യാ ബോദ്ധ്യപ്പെട്ടിട്ടും അറസ്റ്റ് ചെയ്തത് ദുരുപദിഷ്ടമാണ്. അസീസി സിസ്റ്റേഴ്‌സ് ഒഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിൽ അംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെ വിട്ടയക്കുന്നതിന് സംസ്ഥാന സർക്കാർ ഇടപെടണം. സഭയുടെ കീഴിലെ ആശുപത്രികളിലേക്കും ഓഫീസുകളിലേക്കും ജോലിക്കായി മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാനാണ് ഇവർ എത്തിയത്. തുടർന്ന് സംഘപരിവാർ സംഘടനകളിൽപ്പെട്ട ചിലരെ വിളിച്ചുവരുത്തിയെന്നാണ് ആരോപണം. ഇക്കാര്യത്തിൽ സമഗ്രാന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാൻ ചത്തീസ്ഗഡ് ഭരണകൂടം തയ്യാറാകണണെന്നും ശിവാനന്ദൻ ആവശ്യപ്പെട്ടു.