പാതയോരങ്ങളിൽ മധുരിക്കും പഴ റാണികൾ
വെഞ്ഞാറമൂട്: മാളുകളിലും ഫ്രൂട്ട്സ് സ്റ്റാളുകളിലും രാജകീയമായിരുന്ന മാങ്കോസ്റ്റിനും റംബൂട്ടാനും ഇപ്പോൾ പാതയോരങ്ങളിലും സുലഭം. പഴ റാണികൾ പാതയോരത്തേക്കിറങ്ങാനുള്ള പ്രധാനകാരണം കടകളിൽ വില്പനയും വിലയും കുറഞ്ഞതാണ് . മൂന്നു മാസമായി തുടരുന്ന ഇടമുറിയാത്ത കാലവർഷം പഴവിപണിയെ സാരമായി ബാധിച്ചു. കൂട്ടത്തിൽ കനത്ത വിലയിടിവും വില്പനക്കുറവും നേരിട്ടത് റംബൂട്ടാനും മാങ്കോസ്റ്റിനുമാണ്.
കോട്ടയം, പത്തനംതിട്ട ജില്ലകളിലെ മേൽത്തരം റംബൂട്ടാൻ വിപണി കൈയടക്കിയതാണ് ഇവിടങ്ങളിലെ റംബൂട്ടാൻ ഡിമാൻഡ് ഇടിയാൻ കാരണം. റബർ കൃഷി നടത്തിയിരുന്ന പല കർഷകരും റംബൂട്ടാൻ കൃഷിയിലേക്ക് തിരിഞ്ഞത് മേഖലയിൽ ഉത്‌പാദനം കൂട്ടാനിടയാക്കി.
അഞ്ചു വർഷത്തിനിടെ പ്രദേശങ്ങളിൽ റംബൂട്ടാൻ കൃഷി വ്യാപകമായിട്ടുണ്ട്. കനത്ത മഴകാരണം വലിയ തോതിൽ കായ് കൊഴിച്ചിലുണ്ടായതും ഇപ്പോൾ വിപണിയിൽ വില്പന കുറഞ്ഞതും റംബൂട്ടാന് വിനയായി. മാങ്കോസ്റ്റിൻ കൃഷിയും പഴലഭ്യതയും റംബൂട്ടാനെ അപേക്ഷിച്ച് വളരെ കുറവുമാണ്. സീസൺ പഴമായ റംബുട്ടാൻ ജൂലായ് മുതൽ മൂന്നു മാസമാണ് വിളവെടുപ്പ് ലഭിക്കുന്നത്. ഇക്കാലത്ത് ജനങ്ങൾ പൊതുവെ പഴങ്ങളോട് വേണ്ടത്ര താത്പ്പര്യം പ്രകടിപ്പിക്കാത്ത കാലവുമാണ്.
വിപണിയിൽ വിലകുറഞ്ഞു
കിലോയ്ക്ക് 500 രൂപയോളം വിലയുള്ള മാങ്കോസ്റ്റിൻ പാതയോരത്ത് 300രൂപയ്ക്കും 200 മുതൽ 250 വിലയുണ്ടായിരുന്ന റംബുട്ടാൻ 100 നും 150 രൂപയ്ക്കും ഇപ്പോൾ ലഭിക്കുന്നു. അന്യ സംസ്ഥാനങ്ങളിലേക്കാണ് റംബൂട്ടാനും മാങ്കോസ്റ്റിനും കയറ്റുമതി ചെയ്തിരുന്നത്. കയറ്റുമതിയിൽ കുറവു വന്നതും റംബൂട്ടാൻ കൃഷി വ്യാപകമായതും വിലയിടിയാൻ കാരണമായി.