13 വർഷത്തിനുശേഷം രാജ് താക്കറെ 'മാതോശ്രീ'യിൽ
മുംബയ്: മഹാരാഷ്ട്ര നവനിർമ്മാൺ സേന (എം.എൻ.എസ്) അധ്യക്ഷൻ രാജ് താക്കറെ 13 വർഷത്തിനുശേഷം ബാൽതാക്കറെയുടെ വസതിയായ 'മാതോശ്രീ'യിലെത്തി. ശിവസേനാ (ഉദ്ധവ് വിഭാഗം) അദ്ധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ ജന്മദിനത്തിൽ പങ്കെടുക്കാനാണ് എത്തിയത്. എം.എൻ.എസ് നേതാക്കളായ ബാല നന്ദ്ഗാവ്‌കർ, നിതിൻ സർദേശായി എന്നിവരും ഒപ്പമുണ്ടായിരുന്നു. ഉദ്ധവിന് രാജ് താക്കറെ പൂച്ചെണ്ട് നൽകുകയും ഇരുവരും ചേർന്ന് ഫോട്ടോയെടുക്കുകയും ചെയ്തു. 2012ൽ ബാൽതാക്കറെ മരിച്ചപ്പോഴാണ് രാജ് താക്കറെ അവസാനമായി മാതോശ്രീയിലെത്തിയത്.
ശിവസേനയുടെ പിൻഗാമിയെച്ചൊല്ലിയുള്ള ഭിന്നതകളെ തുടർന്നാണ് ഇരുവരും അകന്നത്. രണ്ടു പതിറ്റാണ്ടിനു ശേഷം ഇരുവരും ഈ മാസം ആദ്യം വേദി പങ്കിട്ടിരുന്നു. ഹിന്ദി അടിച്ചേൽപിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം ഉദ്ധവും രാജും മറ്റു പ്രതിപക്ഷ കക്ഷികളും ചേർന്നു പരാജയപ്പെടുത്തിയതിന്റെ വിജയാഘോഷ പരിപാടിയിലാണ് ഏറെക്കാലത്തെ പിണക്കം മറന്ന് ഇരുവരും ഒന്നിച്ചത്. വരുന്ന തിരഞ്ഞെടുപ്പിൽ ഒന്നിച്ച് മത്സരിക്കുമെന്നതിന്റെ സൂചനയും നൽകിയിരുന്നു. ശിവസേനാ സ്ഥാപകനായ ബാൽ താക്കറെയുടെ സഹോദര പുത്രനാണ് രാജ്. 2005ൽ മകൻ ഉദ്ധവിനെ പിൻഗാമിയാക്കാൻ ബാൽ താക്കറെ തീരുമാനിച്ചതോടെ, രാജ്
പാർട്ടി വിട്ടു. 2006ൽ അദ്ദേഹം എം.എൻ.എസ് രൂപീകരിച്ചു.