പ്രശ്നപരിഹാരത്തിന് ആശ്രയം ശൈവപ്രത്യയ ശാസ്ത്രം:മോദി, ചോള സാമ്രാജ്യത്തിന്റെ ആയിരം വർഷ സ്മരണയ്ക്ക് തമിഴ്നാട്ടിൽ
അരിയല്ലൂർ(തമിഴ്നാട്): അക്രമം, പരിസ്ഥിതിനാശം തുടങ്ങിയ പ്രശ്നങ്ങളോട് ലോകം പൊരുതുന്ന ഇക്കാലത്ത് ശൈവ പ്രത്യയശാസ്ത്രം ഇതിനെല്ലാം പരിഹാരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്നേഹം ശിവനാണ്. ഈ ആശയം സ്വീകരിച്ചാൽ, മിക്ക പ്രതിസന്ധികളും പരിഹരിക്കാം. രാജ്യം ഈ ആശയത്തെ 'ഒരു ലോകം, ഒരു കുടുംബം, ഒരു ഭാവി' എന്ന രൂപത്തിൽ മുന്നോട്ടു കൊണ്ടുപോകുന്നു.ചോള ചക്രവർത്തി രാജേന്ദ്രചോളൻ സാമ്രാജ്യം വിപുലപ്പെടുത്തിയതിന്റെ ആയിരം വർഷം പൂർത്തിയാകുന്നതിനോടനുബന്ധിച്ച് ഗംഗൈകൊണ്ട ചോളപുരത്ത് നടക്കുന്ന ആടിതിരുവാതിര ഉത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജേന്ദ്രചോളൻ സ്മാരക നാണയം പുറത്തിറക്കി.
ചന്ദ്രയാൻ-3 വിക്രം ലാൻഡർ ലാൻഡിംഗ് സൈറ്റിന് ശിവശക്തി പോയിന്റ് എന്ന് പേരിട്ടത് മോദി ചൂണ്ടിക്കാട്ടി.
ജനാധിപത്യത്തിന്റെ മാതാവ് എന്നത് ചോള സാമ്രാജ്യത്തിന് അവകാശപ്പെട്ടതാണ്. ബ്രിട്ടന്റെ മാഗ്ന കാർട്ടയെക്കുറിച്ച് ചരിത്രകാരന്മാർ സംസാരിക്കുന്നു. എന്നാൽ, നൂറ്റാണ്ടുകൾക്ക് മുമ്പ്, ചോള സാമ്രാജ്യത്തിൽ തിരഞ്ഞെടുപ്പുകൾ നടന്നിരുന്നത് ജനാധിപത്യ രീതിയിലൂടെയാണ്. 10 മുതൽ 12 വരെ ചോള രാജവംശത്തിന്റെ കാലത്തെ വിപുലമായ തിരഞ്ഞെടുപ്പ് പ്രക്രിയയായിരുന്നു 'കുടവോലൈ' സമ്പ്രദായം. തമിഴ്നാട്ടിൽ രാജരാജ ചോളന്റെയും രജേന്ദ്ര ചോളന്റെയും വലിയ പ്രതിമകൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചോള രാജാക്കന്മാരുടെ കൃതികളും ചരിത്രവും 'ഏക ഭാരതം, ശ്രേഷ്ഠ ഭാരതം' എന്ന 'മഹായജ്ഞ'ത്തിന് പുതിയ ഊർജ്ജം നൽകുന്നു.അബ്ദുൾ കലാമിന്റെ ചരമവാർഷികദിനമായ ഇന്ന് അദ്ദേഹത്തെ സ്മരിച്ചുകൊണ്ടുപറയുന്നു, വികസിത ഇന്ത്യയെ നയിക്കാൻ, ചോള ചക്രവർത്തിമാരെപ്പോലുള്ള ദശലക്ഷക്കണക്കിന് യുവാക്കൾ ആവശ്യമാണ്. ഇന്ത്യയെ ആക്രമിച്ചാൽ എങ്ങനെ പ്രതികരിക്കുമെന്ന് 'ഓപ്പറേഷൻ സിന്ദൂർ' കാണിച്ചുകൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
ബൃഹദീശ്വര
ക്ഷേത്രത്തിൽ
സമ്മേളനത്തിന് എത്തുംമുമ്പ് രാജരാജ ചോളൻ പണികഴിപ്പിച്ച ബൃഹദീശ്വരക്ഷേത്രത്തിൽ മോദി ആരാധന നടത്തി. വാരണാസിയിൽ നിന്നുകൊണ്ടു വന്ന ഗംഗാജലം ബൃഹദീശ്വര ലിംഗത്തിൽ അഭിഷേകം ചെയ്തു. പരമ്പരാഗത തമിഴ് വസ്ത്രം ധരിച്ചായിരുന്നു ക്ഷേത്രദർശനം. ഗംഗാതീരം കീഴടക്കിയ ശേഷം രാജന്ദ്ര ചോളൻ ഗംഗാ തീർത്ഥം ഇവിടെ കൊണ്ടുവന്നകാര്യവും മോദി അനുസ്മരിച്ചു. ചടങ്ങിന് സംഗീതമൊരുക്കിയത് ഇളയരാജയായിരുന്നു. 'ഞാൻ കാശിയിൽ നിന്നുള്ള എം.പിയാണ്. 'ഓം നമഃ ശിവായ' എന്ന് കേൾക്കുമ്പോൾ രോമാഞ്ചം വരും' മോദി പറഞ്ഞു.