തമിഴ്നാട്ടിൽ എൻ.ഡി.എ ശക്തിപ്പെടുമോ? തൃച്ചിയിൽ മോദി - എടപ്പാടി ചർച്ച

Monday 28 July 2025 1:15 AM IST

ചെന്നൈ: തമിഴ്നാട് സന്ദർശത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി ചർച്ച നടത്തി. എൻ.ഡി.എയിൽ പ്രവേശിച്ചുവെങ്കിലും തമിഴ്നാട്ടിലെ ബി.ജെ.പി ഘടകവുമായി അണ്ണാ ഡി.എം.കെ നേതൃത്വം നല്ല സൗഹൃദത്തിലല്ല പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിലാണ് മോദി- എടപ്പാടി ചർച്ച.

ഇന്നലെ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ എത്തിയ മോദിയെ സ്വീകരിക്കാൻ എടപ്പാടി പളനിസാമിയും എത്തിയിരുന്നു. ചർച്ചയിലെ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

തൃച്ചിയിൽ ബി.ജെ.പി സംഘടിപ്പിച്ച റോഡ് ഷോയിൽ പങ്കെടുത്ത ശേഷമാണ് മോദി ഗംഗൈകൊണ്ട ചോളപുരത്തെ ചടങ്ങിൽ പങ്കെടുക്കാനായി പോയത്.

അണ്ണാ ഡി.എം.കെ എൻ.ഡി.എയിൽ തിരിച്ചെത്തിയ ശേഷം തമിഴ്നാട്ടിൽ എൻ.ഡി.എ അധികാരത്തിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞിരുന്നു. തമിഴ്നാട്ടിൽ

തങ്ങളുടെ സഖ്യം ഭരിക്കുമെന്ന് ഈയിടെ ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ പറ‌ഞ്ഞത് ഇ.പി.എസ് തള്ളിയിരുന്നു അണ്ണാ ഡി.എം.കെ ഭൂരിപക്ഷം നേടുമെന്നും സ്വന്തമായി സർക്കാർ രൂപീകരിക്കുമെന്നാണ് എടപ്പാടി മറുപടി നൽകിയത്.

തിരഞ്ഞെടുപ്പിനു മുന്നോടിയായി എല്ലാ ജില്ലകളിലും എടപ്പാടിയുടെ നേതൃത്വത്തിൽ അണ്ണാ ഡി.എം.കെ റാലികൾ നടത്തിവരികയാണ്.