ഓപ്പറേഷൻ സിന്ദൂർ: പാർലമെന്റിൽ ഇന്നുമുതൽ ചർച്ച
ന്യൂഡൽഹി: പഹൽഗാം ആക്രമണവും അതിന് ശേഷമുള്ള ഓപ്പറേഷൻ സിന്ദൂർ നടപടിയെയും ചൊല്ലിയുള്ള ഭരണ, പ്രതിപക്ഷ വാക്പോരിന് ഇന്നു മുതൽ മൂന്നു ദിവസം പാർലമെന്റ് സാക്ഷ്യം വഹിക്കും. ബീഹാർ വോട്ടർ പട്ടിക പരിഷ്‌കരണം അടക്കമുള്ള വിഷയത്തിൽ പ്രതിപക്ഷ പ്രതിഷേധത്തിൽ ആദ്യ ആഴ്‌ച പൂർണമായി തടസപ്പെട്ട വർഷകാല സമ്മേളനം ഇന്നുമുതൽ സുഗമമായി പ്രവർത്തിക്കും.
പ്രതിപക്ഷ ആവശ്യം അംഗീകരിച്ച കേന്ദ്രസർക്കാർ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ഇന്ന് ലോക്‌സഭയിലും നാളെ രാജ്യസഭയിലുമായി 16 മണിക്കൂർ വീതം ചർച്ചയാണ് തീരുമാനിച്ചത്. പഹൽഗാം ആക്രമണത്തിലേക്ക് നയിച്ച സുരക്ഷാ വീഴ്‌ച, ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിക്കാൻ ഇടപെട്ടെന്ന യു.എസ് അവകാശവാദം തുടങ്ങിയവ പ്രതിപക്ഷം ഉന്നയിക്കും. ലോക്‌സഭയിൽ രാഹുൽ ഗാന്ധിയും രാജ്യസഭയിൽ മല്ലികാർജ്ജുൻ ഖാർഗെയും കോൺഗ്രസ് ചർച്ചകൾക്ക് തുടക്കമിടും. സർവകക്ഷി സംഘത്തെ നയിച്ച ശശി തരൂരുമായി ഭിന്നത നിലനിൽക്കെ പാർട്ടി സംസാരിക്കാൻ നിർദ്ദേശിക്കുമോ എന്ന് വ്യക്തമല്ല. ഇന്നുമുതൽ മൂന്നു ദിവസം സഭയിലുണ്ടാകണമെന്ന് കോൺഗ്രസ് എം.പിമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്.
പ്രതിപക്ഷ ചോദ്യങ്ങൾക്ക് മറുപടിയും നിലപാട് വിശദീകരിക്കാനും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവരെയാകും സർക്കാർ നിയോഗിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി ഇരുസഭകളിലും മറുപടി നൽകും.