ഹരിദ്വാറിലെ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും 8 മരണം
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുള്ള മനസാദേവീ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും എട്ട് പേർക്ക് ദാരുണാന്ത്യം. 30ഓളം പേർക്ക് പരിക്കേറ്റു. അഞ്ച് പേരുടെ നില ഗുരുതരമാണ്. കഴിഞ്ഞ ദിവസം രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. പ്രധാന ക്ഷേത്രത്തിലേക്കുള്ള പടിക്കെട്ടിലാണ് അപകടമുണ്ടായത്. ശ്രാവണ മാസമായതിനാൽ വൻ തിരക്കായിരുന്നു ക്ഷേത്രത്തിൽ. ഇതിനിടെ ഒരാൾക്ക് ഷോക്കേറ്റെന്ന വാർത്ത പരക്കുകയും ജനം പരിഭ്രാന്തരായി ഓടിയതോടെ തിക്കും തിരക്കുമുണ്ടാകുകയുമായിരുന്നു. പലർക്കും പുറത്തേക്കുള്ള വഴിയെക്കുറിച്ച് ധാരണയുണ്ടായിരുന്നില്ല. തിരക്ക് വർദ്ധിച്ചതോടെ ചിലർ താഴെ വീണു. പൊലീസും സംസ്ഥാന ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനം നടത്തി. വളരെ വലിയ ജനക്കൂട്ടമാണ് ക്ഷേത്രത്തിലെത്തിയതെന്നും അതാണ് അപകടത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി ദ്രൗപദി മുർമുവും അനുശോചനം രേഖപ്പെടുത്തി.
ദുഃഖകരമായ സംഭവമാണ് നടന്നതെന്നും സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു. എല്ലാവരുടെയും ക്ഷേമത്തിനുവേണ്ടി മനസാദേവിയോട് പ്രാർത്ഥിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.