കഞ്ചാവുമായി യുവാവ് പിടിയിൽ
മണ്ണാർക്കാട്: നാലു കിലോ കഞ്ചാവുമായി യുവാവിനെ മണ്ണാർക്കാട് പൊലീസ് പിടികൂടി. ഒപ്പമുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു. പരിശോധനയിൽ 3.924 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. ചെത്തല്ലൂർ ആനക്കുഴി വീട്ടിൽ പ്രകാശൻ (36) ആണ് പിടിയിലായത്. രക്ഷപ്പെട്ടത് ചെത്തല്ലൂർ സ്വദേശി മഹേഷാണെന്ന് പിടിയിലായയാൾ അറിയിച്ചതെന്ന് പൊലീസ് പറയുന്നു. ശനിയാഴ്ച രാത്രി 8.50ഓടെ തെങ്കര മെഴുകുംപാറയിലേക്ക് പോകുന്ന കനാൽ റോഡിൽ വെച്ചായിരുന്നു സംഭവം. കഞ്ചാവുകച്ചവടത്തിനായി രണ്ടുപേരെത്തിയതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എസ്.ഐ എ.കെ.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയത്. ഈ സമയം ബൈക്കിൽ ഇരിക്കുകയായിരുന്ന ഇരുവരും പൊലീസിനെ കണ്ടതോടെ ബൈക്ക് ഉപേക്ഷിച്ച് ഓടുകയായിരുന്നു. പ്രകാശനെ പിന്തുടർന്ന് പിടികൂടാനായെങ്കിലും ഒപ്പമുണ്ടായിരുന്നയാളെ കണ്ടെത്താനായില്ല. തുടർന്ന് പ്രകാശന്റെ പക്കലുണ്ടായിരുന്ന ബാഗിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. കഞ്ചാവ് കടത്താനുപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. എസ്.ഐ ഷാഹുൽ ഹമീദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ വിനോദ്, സിവിൽ പൊലീസ് ഓഫിസർ സ്മിജേഷ്, വിപിൻദാസ് എന്നിവരടങ്ങുന്ന സംഘമാണ് കഞ്ചാവ് പിടികൂടിയത്. നടപടിക്രമങ്ങൾക്കായി നാട്ടുകൽ സി.ഐ എ.ഹബീബുള്ളയും സ്ഥലത്തെത്തിയിരുന്നു.